
വൈപ്പിൻ: കെട്ടിവച്ച ചെണ്ട ഒന്ന് അഴിച്ച് വച്ച് രണ്ട് തട്ട് തട്ടും. പിന്നെ പൊടിയെല്ലാം തൂത്ത് തുടച്ച് വീണ്ടും കെട്ടിവയ്ക്കും. വൈപ്പിൽ ദ്വീപിലെ മേളകലാകാരന്മാരുടെയെല്ലാം ജീവിതചര്യയുടെ ഭാഗമായിരിക്കുകയാണ് ഈ പ്രവൃത്തി. കാരണം മാസങ്ങളായി ഇവർക്കാർക്കും മേളമില്ല. വൃശ്ചികമാസം പിറന്നാൽ മേളക്കാർക്ക് നിന്ന് തിരിയാൻ സമയം കിട്ടിയിരുന്നില്ല. അത്രയും പരിപാടികളായിരുന്നു. എന്നാൽ ഇക്കുറി കൊവിഡ് വ്യാപന പഞ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ചിറപ്പിന് മേളം ഒഴിവാക്കി ചടങ്ങുകൾ മാത്രമായി. പള്ളിപെരുന്നാളുകളും അമ്പെഴുന്നള്ളിപ്പുകളും ഇങ്ങനെ തന്നെ. വിശ്രമമില്ലാതെ ഓടി നടന്ന് മേളം കൊഴുപ്പിച്ചവർ വീടുകളിൽ അടച്ചിരിപ്പായി. മാർച്ച് മാസം മുതലുള്ള ഈ മരവിപ്പ് ഡിസംബർറായിട്ടും തുടരുകയാണ്. ലോക്ക് ഡൗൺ പിൻവലിച്ചതിന് പിന്നാലെ മറ്റ് തൊഴിൽ രംഗങ്ങളെല്ലാം പഴയ നിലയിലേക്ക് ഉയർന്നെങ്കിലും ചെണ്ടമേളക്കാരുടെ സ്ഥിതി എട്ട് മാസമായി ദയനീതയിലാണ്. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച 2000 രൂപയുടെ ധനസഹായം മാത്രമാണ് ഏക ആശ്വമായത്. പലരും മറ്റ് തൊഴിലുകൾ ചെയ്താണ് കുടുംബം പുലർത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്നതാകട്ടെ തുച്ഛമായ വരുമാനവും.
ദ്വീപിലെ മേളക്കാർ
ഇരുപതോളം വലിയ ക്ഷേത്രങ്ങളും നാന്നൂറിൽപ്പരം കുടുംബക്ഷേത്രങ്ങളുമുള്ള വൈപ്പിൻകര ചെണ്ടമേളക്കാരുടെ നാട് കൂടിയാണ്. വടക്ക് പള്ളിപ്പുറം കോവിലകത്തും കടവ് മുതൽ തെക്ക് ഞാറക്കൽ വരെ ഏകദേശം ആയിരത്തോളം ചെണ്ടമേളക്കാരുണ്ട്. ഓരോ പ്രദേശത്തും നിരവധി ആശാന്മാരും. പോയതലമുറയിൽ ചെറായി ദേവപ്പൻ, ചെറായി വേലായുധൻ, നായരമ്പലം ഉണ്ണിബോസ്, ദയാനന്ദൻ, കൊച്ചാപ്പു എന്നിവരൊക്കെ നാട്ടിൽ പേരെടുത്ത മേളപ്രമാണിമാരായിരുന്നു. പുതുതലമുറയിൽ രമേഷ് ദേവപ്പൻ, ചെറായി സുനിൽ കുമാർ, പള്ളിപ്പുറം ദേവദാസ്, മുരളീധരൻ, ഗോപി, ശക്തി എന്നിവരും പ്രമുഖർ.