
കൊച്ചി: കൊവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പ്രചാരണം അവസാനിക്കുന്ന ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാർ അന്തിമതീരുമാനം കൈക്കൊള്ളും മുമ്പാണ് പ്രഖ്യാപനം. ഇതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഉണ്ടോയെന്ന് വ്യക്തമാക്കണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തിൽ വാഗ്ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം മാത്രമാണ് ഇതെന്നു വ്യക്തം.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഒരുകോടിയോളം പേർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് സംസ്ഥാനത്ത് ഒരു മുന്നൊരുക്കവുമില്ലാതെ സൗജന്യമായി വാക്സിൻ നൽകുമെന്ന വാഗ്ദാനം. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യത്തിന് രണ്ടുലക്ഷം കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രഖ്യാപനത്തിന്റെ നിജസ്ഥിതി ജനം നേരിട്ടറിഞ്ഞതാണ്. പെരുമാറ്റച്ചട്ട ലംഘനത്തിന് ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
തിര. കമ്മിഷന്
ബി.ജെ.പി
പരാതി നൽകി
കോഴിക്കോട്: കൊവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് മുഖ്യമന്ത്രിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യം മുഴുവൻ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. ഇത്തരം പ്രഖ്യാപനത്തിന് മുഖ്യമന്ത്രിക്കു നാണമില്ലേ എന്നും കെ. സുരേന്ദ്രൻ ചോദിച്ചു.