cocking

കാലടി : പാകം ചെയ്യേണ്ട ഭക്ഷണം അടുപ്പിൽ വച്ച് വേവിന് അനുസരിച്ച് സ്റ്റൗവ് തനിയെ ഓഫായിരുന്നെങ്കിലെന്ന് ചിന്തിക്കാത്ത വീട്ടമ്മമാരുണ്ടാകില്ല. കാരണം ഭക്ഷണം പാകം ചെയ്യാനായി അടുപ്പിൽ വച്ച ശേഷം മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധമാറി ഉച്ചയൂണ് വരെ കുളമായ സംഭവങ്ങൾ നിരവധിയാത് കൊണ്ട് തന്നെ. എന്നാൽ ഇതിനെല്ലാം പരിഹാരമായി മലയാളികൾ കണ്ടെത്തിയ സ്റ്റൗവ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ട്പ്പ് പ്രദശർശന വേദിയായ ദുബായ് ജീടെക്‌സ് ഫ്യൂച്ചർ സ്റ്റാൾസ് 2020ന്റെ തന്നെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്.കാലടി ആദിശങ്കര കോളേജിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിൽ പ്രവർത്തിക്കുന്ന മാക്ബി പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച സ്റ്റൗവ് ഫുഗോയാണ് മേളയിൽ ഇടം പിടിച്ചത്. പാകം ചെയ്യേണ്ട വസ്തു സ്റ്റൗവിന് മുകളിൽ വച്ചതിന് ശേഷം എന്ത് തരം ഭക്ഷണമാണ് പാകം ചെയ്യേണ്ടതെന്ന് നിർദേശം നൽകിയാൽ മതി. ഭക്ഷണം പാകമായാൽ സ്റ്റൗ ഓട്ടോമാറ്റിക്കായി ഓഫാകും. എല്ലാത്തരം ഭക്ഷണവും സ്റ്റൗവിൽ പാകം ചെയ്യാം. മൊബൈൽ വഴിയോ സ്റ്റൗവിലെ ടച്ച് സ്‌ക്രീൻ വഴിയോ വേണ്ട നിർദേശങ്ങൾ നൽകാം. മാക്ബിയുടെ സ്ഥാപകരായ രാഹുൽ മോഹൻ, എച്ച്. ഹരി കൃഷ്ണൻ ആദിശങ്കര ടി.ബി.ഐ നോഡൽ ഓഫീസർ പ്രൊഫ. അജയ് ബേസിൽ വർഗീസ് എന്നിവരുടെ സംഘം ഉത്പന്നങ്ങളും ആശയങ്ങളും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭാവി വികസന സാദ്ധ്യതകളെയും മദ്ധ്യകിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള സംരംഭകരുമായുള്ള സഹകരണ സാദ്ധ്യതകളെപ്പറ്റിയും ആശയവിനിമയം നടത്തി.

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് റാഷിദ് ഹാളിലാണ് പ്രദർശനം. കേരളസ്റ്റാർട്ട്അപ്പ് മിഷനും, സ്റ്റാർട്ട് അപ്പ് ഇന്ത്യയും സംയുക്തമായി തെരഞ്ഞെടുത്ത ആറ് സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് മാത്രമാണ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. കൊവിഡിന് ശേഷം നടത്തുന്ന ആദ്യത്തെ ആഗോള സാങ്കേതിക പ്രദർശനമാണ്. അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി ഇരുനൂറിലേറെ ഉത്പ്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.