
 മരണം സംഭവം നടന്ന് എട്ട് ദിവസത്തിനുശേഷം
കൊച്ചി: ജോലിക്ക് നിന്ന ഫ്ളാറ്റിന്റെ ആറാംനിലയിൽനിന്ന് സാഹസികമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് ഗുരുതരമായി പരിക്കേറ്റ സേലം സ്വദേശിനി കുമാരി (55) മരിച്ചു. എട്ടുദിവസമായി സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. എറണാകുളം മെഡിക്കൽ കാേളേജിലേക്ക് പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റി. കുമാരിക്ക് കൊവിഡും സ്ഥിരീകരിച്ചിരുന്നു. ഇന്ന് പോസ്‌റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം.
എന്നാൽ ആശുപത്രിയിലെത്തിയ ബന്ധുക്കൾ തങ്ങൾക്ക് പരാതിയില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചിന് രാവിലെ ഏഴുമണിയോടെയാണ് മറൈൻഡ്രൈവിലുള്ള ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽനിന്ന് കുമാരി വീണത്. സംഭവവുമായി ബന്ധപ്പെട്ട് ഫ്ളാറ്റുടമയും അസോസിയേഷൻ സെക്രട്ടറിയും ഹൈക്കാേടതി അഭിഭാഷകനുമായ ഇംതിയാസിനെ രണ്ടുതവണ പൊലീസ് ചോദ്യംചെയ്‌തു.
കുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്യായമായി തടങ്കൽ പാർപ്പിക്കൽ കുറ്റംചുമത്തി കേസെടുത്തത്. ഇയാൾക്ക് ഫ്‌ളാറ്റ് ഉടമയായ ഇംതിയാസിന്റെ പേരറിയില്ല. മൊഴിയിൽ മുതലാളി എന്നു മാത്രമാണ് പറയുന്നത്. അതിനാലാണ് എഫ്.ഐ.ആറിൽ പേര് പറയാതെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ സംശയിക്കപ്പെടുന്ന ആളിന്റെ പേര് ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കുമാരി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അഡ്വാൻസായി വാങ്ങിയ പതിനായിരം രൂപ തിരികെ നൽകണമെന്ന് ഇംതിയാസ് ആവശ്യപ്പെട്ടതായി ശ്രീനിവാസന്റെ മൊഴിയിൽ പറയുന്നു. പണം അക്കൗണ്ടിലേക്ക് നൽകിയെങ്കിലും കുമാരിയെ ഇംതിയാസ് വിട്ടില്ല. അന്യായമായി തടങ്കലിൽ പാർപ്പിക്കുകയുംചെയ്തു. പണം തിരികെ ലഭിച്ചതായി ഇംതിയാസ് പൊലീസ് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അടുക്കളയിൽ തടങ്കലിൽ പാർപ്പിച്ചതോടെയാണ് ആറാംനിലയുടെ ബാൽക്കണിയിൽനിന്ന് രണ്ടു സാരികൾ കൂട്ടിക്കെട്ടി സാഹസികമായി രക്ഷപ്പെടാൻ കുമാരി ശ്രമിച്ചത്. ഇതിനിടയിൽ പിടിവിട്ട് നിലത്തേക്ക് വീഴുകയായിരുന്നു. അന്ന് മുതൽ വെന്റിലേറ്ററിലായതിനാൽ കുമാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ഇംതിയാസ് തന്റെ പോക്കറ്റിൽനിന്ന് കവർന്ന പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുമാരി അപകടത്തിൽപ്പെട്ടതെന്ന് ആരോപിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതും അന്വേഷിക്കുന്നുണ്ടെങ്കിലും കേസെടുത്തിട്ടില്ല.