കൊച്ചി: കുട്ടികളുടെ ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് പുതിയ മാർഗ നിർദ്ദേശങ്ങളുമായി ഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി). കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസുമായി ചേർന്നാണ് പഠനം നടത്തിയത്. തുടർന്നാണ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കുമായി പുതിയ മാർഗ നിർദേശങ്ങൾ ഐ.എ.പി പുറത്തിറക്കിയരിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഡിജിറ്റൽ മീഡിയയുടെ ഉപയോഗം ക്രമീതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇത് കുട്ടികളിൽ പൊണ്ണത്തടി, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ, ഉത്കണഠ, വിഷാദം, വീഡിയോ ഗെയിം അഡിക്ഷൻ, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിങ്ങനെ വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങൾ കൂടി വരുന്നതായി ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. എം. നാരായണൻ, ഇംഹാൻസ് ഡയറക്ടർ ഡോ.പി.കൃഷ്ണകുമാർ എന്നിവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഐ.എ.പി. വിദഗ്ദ പഠനം ഈ മേഖലയിൽ നടത്തി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. സംസ്ഥാനത്തെ 2500ൽ പരം ശിശുരോഗ വിദഗ്ദ്ധർ ഐ.എ.പി യിൽ അംഗങ്ങളാണ്.

അദ്ധ്യാപകർക്കായി നിർദ്ദേശങ്ങൾ ഇവ
1. കഴിവതും പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും ഒഴിവാക്കുക,

2. പ്രൈമറി ക്ലാസുകളിൽ പഠനം ഒരുമണിക്കൂറാക്കുക,

3. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് നിശ്ചിത സമയം മാത്രമായി ഓൺലൈൻ ക്ലാസുകൾ ക്രമപ്പെടുത്തുക

4. മൊബൈൽ ഫോണിൽ മാത്രമാകാതെ ക്ലാസുകൾ വിവിധ മാദ്ധ്യമങ്ങളിലൂടെ ലഭ്യമാക്കുക

5. കുട്ടികളുമായി സംവദിച്ചുകൊണ്ടുള്ള പഠന രീതി അവലംബിക്കുക

6. ക്ലാസുകൾ 30-40 മിനിറ്റിൽ ഒതുങ്ങത്തക്കവിധം ക്രമപ്പെടുത്തുക

7. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ കുട്ടികളുടെ അസൈൻമെന്റും, ഹോംവർക്കും ചർച്ചയാക്കാതിരിക്കുക

8. തനിച്ചല്ല അദ്ധ്യാപകർ ഒപ്പമുണ്ട് എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉളവാക്കുക

രക്ഷിതാക്കൾക്കായുള്ള നിർദ്ദേശങ്ങൾ

1.ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥിമാത്രം പങ്കെടുക്കുക

2. സ്വന്തം കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക

3. കുട്ടികൾക്ക് സ്വയം പഠിക്കാൻ അനുകൂല സാഹചര്യം ഒരുക്കി നൽകുക