പറവൂർ: വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ കൗണ്ടിംഗിനുള്ള നടപടികൾ പുരോഗമിക്കുന്നു. പറവൂർ മേഖലയിൽ രണ്ടിടങ്ങളിലായാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. നഗരസഭയുടെ വോട്ടെണ്ണൽ ഗവ. ബോയ്സ് ഹൈസ്കൂളിലും ബ്ലോക്ക് പരിധിയിലെ ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം പുല്ലംങ്കുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമാണ്. സ്ഥാനാർത്ഥി, ചീഫ് ഏജന്റ് എന്നിവർ കൂടാതെ ഒരു കൗണ്ടിംഗ് ഏജന്റിനുകൂടി കൗണ്ടിംഗ് കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ഇതിനായി ഫോട്ടോ പതിപ്പിച്ച പ്രത്യേകം തയ്യാറാക്കിയ തിരിച്ചറിയൽ കാർഡുകൾ നൽകി തുടങ്ങി. 15ന് മുമ്പ് അതത് ചീഫ് ഏജന്റുമാർ റിട്ടേണിംഗ് ഓഫിസറിൽ നിന്നും കൈപറ്റണം. നഗരസഭയിൽ ഒന്നാം വാർഡുകൾ പ്രകാരമാണ്. എന്നാൽ ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ ക്രമനമ്പർ പ്രകാരവുമാണ് വോട്ടെണ്ണുന്നത്. ഇതിനാൽ ഗ്രാമപഞ്ചായത്തുകളുടെ ക്രമപ്രകാരമായിരിക്കില്ല ആദ്യം റിസൽറ്റുകൾ പുറത്തുവരിക. പറവൂരിലെ രണ്ട് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഒരു സബ് ഇൻസ്പെക്ടറുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് കാവൽ നിൽക്കുന്നത്.