കിഴക്കമ്പലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച പോസ്റ്ററുകളും ചുവരെഴുത്തുകളും ഭിത്തികളിൽനിന്ന് നീക്കംചെയ്ത് ട്വന്റി20. ചൂരക്കോട് വാർഡിലാണ് സ്വകാര്യ വ്യക്തികളുടെയടക്കം മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും, ബോർഡുകളും നീക്കിയത്. പൊതുസ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് വിലക്കുള്ളതിനാൽ വ്യക്തികളുടെ മതിലുകളും ചുവരുകളുമാണ് അവരുടെ അനുമതിയോടെ ഉപയോഗിച്ചത്. ഇന്നലെ രാവിലെ മുതലാണ് പ്രവർത്തകർ സംഘം ചേർന്ന് ശുചീകരണം തുടങ്ങിയത്. ചുവരെഴുത്തുകൾ അടുത്തദിവസം വെള്ളപൂശിമായ്ക്കും.
ദിവസങ്ങൾക്കകം ഭിത്തികളെല്ലാം പൂർവസ്ഥിതിയിലാക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണ തിരഞ്ഞെടുപ്പിനുശേഷം സ്ഥാനാർത്ഥികളാരും ഇതുവഴി തിരിഞ്ഞുനോക്കാറില്ല. പോസ്റ്ററുകൾ കീറിയും മതിലിൽ ചായമടിച്ചും പൂർവസ്ഥിതിയിലാക്കുന്നത് വീട്ടുകാരുടെ ചുമതല മാത്രമാകും.ഭിത്തികൾ പ്രചാരണത്തിന് ഉപയോഗിക്കാൻ അനുമതി തന്നവർക്ക് അത് വൃത്തിയാക്കിക്കൊടുക്കേണ്ട ചുമതലയുണ്ടെന്ന ബോദ്ധ്യമാണ് ഇതിനു പിന്നിലെന്നാണ് പ്രവർത്തകർ പറയുന്നത്.