 
അങ്കമാലി: അങ്കമാലി - മഞ്ഞപ്ര റോഡിൽ മുല്ലശേരി പാലത്തിന് സമീപം മാലിന്യം കുന്നുകൂടുകയാണ്. തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ മാലിന്യം നീക്കം ചെയ്യാനോ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനോ
അധികാരികൾക്ക് കഴിഞ്ഞില്ല. 'ഇവിടെ മാലിന്യം ഇടരുത്, ഇടുന്നവരും അവരുടെ വാഹനങ്ങളും കാമറ നിരീക്ഷണത്തിലാണ്. മാലിന്യം നിക്ഷേപിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും' എന്നൊക്കെ മുല്ലശേരി പാലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ബോർഡിൽ എഴുതിവെച്ചിട്ടുണ്ടെങ്കിലും ആരും ഇത് ഗൗനിക്കുന്നില്ല. മാലിന്യം തള്ളാതിരിക്കാനാണ് ബോർഡ് വെച്ചതെങ്കിലും ഇപ്പോൾ ഈ ബോർഡിന് കീഴിലാണ് മാലിന്യം തള്ളുന്നതെന്ന് മാത്രം. മാലിന്യം തള്ളുന്നത് തടയാൻ പലവഴി നോക്കി ഒടുവിൽ സഹികെട്ടാണ് ബോർഡ് സ്ഥാപിച്ചത്.എന്നിട്ടും മാലിന്യം കൂടിയതല്ലാതെ കുറവൊന്നും വന്നിട്ടില്ല.
# ജീവിതം ദുസ്സഹമാകുന്നു
അങ്കമാലി നഗരസഭയുടെയും തുറവൂർ പഞ്ചായത്തിന്റെയും അതിർത്തി പ്രദേശത്താണ് മുല്ലശേരി പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന് ഇരുവശവും മാലിന്യം കൊണ്ടുവന്ന് തള്ളുന്നുണ്ട്. കൂടാതെ തോട്ടിലേയ്ക്കും
മാലിന്യം വലിച്ചെറിയുന്നു. വാഹനങ്ങളിലെത്തിയാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. അങ്കമാലി നഗരസഭാ പ്രദേശത്തെ അവശിഷ്ടങ്ങളാണ് അധികവും. മാലിന്യം കൂമ്പാരമായതോടെ ഈ പ്രദേശത്തെ ജനജീവിതം ദുസഹമായിരിക്കുകയാണ്.
# ജലസ്രോതസിനും ഭീഷണി
മുല്ലശേരി തോട്ടിലേക്ക് മാലിന്യം ചാക്കിൽ കെട്ടി വലിച്ചെറിയുന്നതുമൂലം വെള്ളം മലിനമാകുന്നു. വെട്ടുമുടിവരെ ചാക്കിലാക്കി തോട്ടിലേക്ക് തള്ളുന്നുണ്ട്. മാർക്കറ്റിലെ അവശിഷ്ടങ്ങളും തോട്ടിലേക്ക് വലിച്ചെറിയുന്നുണ്ട്. ഈ ഭാഗത്തെ പ്രധാന ജലസ്രോതസാണ് മലിനപ്പെടുത്തുന്നത്.
അടുത്തിടെ ഈ തോട്ടിലെ ചെളിയും പായലും ചണ്ടിയും നീക്കിയതാണ്.തോടിന്റെ വശങ്ങൾ കരിങ്കല്ല് കെട്ടി
സംരക്ഷിക്കുന്നുമുണ്ട്. തോട് സംരക്ഷിക്കണമെന്നുള്ള കാലങ്ങളായിട്ടുള്ള ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരമാകുമ്പോൾ തോട് വീണ്ടും മലിനമാകുകയാണ്.