നെടുമ്പാശേരി: വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗസംഘത്തെ നെടുമ്പാശേരി പൊലീസ് പിടികൂടി. മൂന്നാർ ആനച്ചാൽ പള്ളിവാസൽ മറ്റത്തിൽ വീട്ടിൽ റെനു (30), മാങ്ങാപ്പാറ കൊന്നത്തങ്ങാടി അടുപ്പുകല്ലിങ്കൽ വീട്ടിൽ ആഗ്‌നൽ (23) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശേരിക്കു സമീപം കോട്ടായി ഭാഗത്ത് വിറകുവാങ്ങാൻ പോയ വൃദ്ധയുടെ മാലയാണ് കവർന്നത്. കാറിൽ കാത്തുനിന്ന സംഘം വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് തൃശൂർ, കോട്ടയം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ മാരായ വന്ദന കൃഷ്ണ, രാധാകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.