പള്ളുരുത്തി: തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ സ്ഥാനാർത്ഥികൾ പലരും പഴയ ജോലി മേഖലകളിലേക്ക് തിരിഞ്ഞു. ഇടക്കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഭിലാഷ് തോപ്പിൽ ഉപജീവനമാർഗമായ മത്സ്യബന്ധനായി എത്തി.
ഇന്നലെ മുഴുവനും ഇടക്കൊച്ചി കായലിലെ ചീനവലയിൽ മീൻ പിടിക്കുന്ന തിരക്കിലായിരുന്നു അഭിലാഷ്. അത്യാവശ്യം മീനും ചെമ്മീനും വലയിൽ കുടുങ്ങി. കുറച്ച് വിൽക്കുകയും ശേഷിച്ച മീൻ കറിക്കായി വീട്ടിലേക്കും എടുത്തു. തോപ്പുംപടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷീബാ ഡുറോം ഞായറാഴച ഇറച്ചി വില്പനയുടെ തിരക്കിലായിരുന്നു.കൊച്ചു പള്ളി റോഡിലുള്ള ഇറച്ചിക്കടയിൽ ഇന്നലെ തിരക്കോട് തിരക്കായിരുന്നു. നമ്പ്യാപുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.വിജുവും കോണം എൽ.ഡി.എഫ് സ്ഥാനാർത്ഥി അശ്വതി വൽസനും വീണ്ടും കറുത്ത കോട്ടിട്ട് ഇന്ന് മുതൽ കോടതിയിലേക്ക് പോകും. കോണം എൻ.ഡി.എ സ്ഥാനാർത്ഥി പ്രിയാ മോൾ ഇന്ന് മുതൽ മട്ടാഞ്ചേരിയിലെ ആധാരം എഴുത്ത് ആഫീസിൽ ഹാജരായിരിക്കും. മുൻ ഡപ്യൂട്ടി മേയറും തറേ ഭാഗം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന കെ.ആർ.പ്രേമകുമാർ വീണ്ടും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി. കടേഭാഗം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എ.ശ്രീജിത്ത് ഇന്ന് മുതൽ സഹകരണ ബാങ്കിലെ ജോലിത്തിരക്കിലായിരിക്കും. രജ്ഞിത്ത് മാഷ് വീണ്ടും കുട്ടികളുമായി ട്യൂഷൻ ക്ളാസിലേക്ക് കയറി. പെരുമ്പടപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു രജ്ഞിത്ത്.