cctv

തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ വീണ്ടും കവർച്ച. പുല്ലുകാട്ടുകാവ് ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലും സമീപത്തെ ഒരു വീട്ടിലുമാണ് ഞായറാഴ്ച പുലർച്ചെ കവർച്ച നടന്നത്.ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന

രഞ്ജിതാലയത്തിൽ രേഖ കൃഷ്‍ണന്റെ രണ്ടര പവൻ തൂക്കം വരുന്ന ആഭരണങ്ങളും രണ്ടായിരം രൂപയുമാണ് മോഷണം പോയത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരവും ഓഫീസിലെ രണ്ട് അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരിയിൽ ചില്ലറയായി സൂക്ഷിച്ചിരുന്ന 200 രൂപയും ഭണ്ഡാരത്തിലെ ചില്ലറകളുമാണ് മോഷണം പോയിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ എല്ലാ ഞായറാഴ്ചകളിലും ഭണ്ഡാരം തുറന്ന് നേർച്ചപ്പണം എടുക്കുന്നതിനാൽ വലിയ തുക നഷ്ടമായില്ല. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഇക്കാര്യം ബന്ധപ്പെട്ടവരേയും പൊലീസിനേയും അറിയിച്ചത്.

ഇന്നലെ പുലർച്ചെ ഒന്നിനും ഒന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് ക്ഷേത്രം ഓഫീസിനകത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.മോഷ്ടാവ് മുണ്ടും ജാക്കറ്റും കൈയുറയും മുഖാവരണവും അണിഞ്ഞ് ടോർച്ചടിച്ച് പരിശോധിക്കുന്നതും അലമാരകൾ ആയുധം ഉപയോഗിച്ച് തുറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.അര മണിക്കൂറിലധികം സമയം മോഷ്ടാവ് ക്ഷേത്രത്തിനകത്തുണ്ടായിരുന്നു.വിവരം അറിഞ്ഞ് ഉദയംപേരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.അതേസമയം ഉദയംപേരൂരിൽ കവർച്ച പതിവായിട്ടും പൊലീസ് അലംഭാവം കാട്ടുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.രാത്രിയിലെ പൊലീസിന്റെ പരിശോധന പേരിനു മാത്രമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം നടക്കാവ് ക്ഷേത്രത്തിൽ മോഷണശ്രമം നടന്നിരുന്നു. അതിനു മുമ്പ് തെക്കൻ പറവൂർ മാർ യൂഹാനോൻ മാംദാന യാക്കാബായ സുറിയാനി വലിയ പള്ളിയിൽ കവർച്ച നടന്നിരുന്നു. സി.സി ടി.ടി ദൃശ്യം ലഭിച്ചിട്ടും മോഷ്ടാവിനെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.