തൃപ്പൂണിത്തുറ : കണ്ടനാട് സെന്റ്. മേരീസ് കത്തീഡ്രൽ പള്ളിയിൽ ആരാധന നടത്താൻ എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. രാവിലെ എട്ടിനാണ് നൂറിലധികം വരുന്ന യാക്കോബായ വിശ്വാസികൾ കൂട്ടമായി പള്ളിയിലേക്ക് എത്തിയത്. പള്ളി വളപ്പിലേക്ക് കടത്താതെ പൊലീസ് ഇവരെ തടഞ്ഞതോടെ വിശ്വാസികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് യാക്കോബായ വിശ്വാസികൾ പള്ളിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് വികാരി ഫാ. ബിജോ വൈമ്പനത്ത് , വൈദിക ട്രസ്റ്റി ഫാ.സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്കോക്കോപ്പ , വിൽസൻ പൗലോസ് , ബിനു മറ്റത്തിൽ, ജോൺ കീയാലിൽ, സാജൻ മാണിയറ ,ഷാജി ആലുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ബന്ധുവിന്റെ നാല്പതാം ചരമദിനത്തിൽ പ്രാർത്ഥനയ്ക്കെത്തിയ യാക്കോബായ ഇടവാകാംഗങ്ങളെയും പൊലീസ് തടഞ്ഞതായി യാക്കോബായ വിശ്വാസികൾ ആരോപിച്ചു .പതിനൊന്ന് മണിയോടെ പള്ളിയകത്ത് ആരാധന നടത്തിയിരുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ കുർബ്ബാനയും ചടങ്ങുകളും കഴിഞ്ഞതോടെ യാക്കോബായ വിശ്വാസികൾ പിരിഞ്ഞു പോയി.