കോലഞ്ചേരി: വളയൻചിറങ്ങര ഐ.ടി.സിക്ക് സമീപം തടിലോറി കനാലിലേക്ക് മറിഞ്ഞ് ലോറി ഡ്രൈവറായ യുവാവ് മരിച്ചു. എരുമേലി തുമരംപാറ പ്ലാമൂട്ടിൽ മുരളിയുടെ മകൻ മിഥുനാണ് (23) മരിച്ചത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് അപകടം. റോഡിന്റെ ദുരവസ്ഥയറിയാതെ ആവഴി പോയതാണ് യുവാവിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയത്. വളയൻചിറങ്ങര ഐ.ടി.സിക്ക് സമീപമുള്ള വലിയ കുഴിയിൽവീണ് തടിലോറിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ക്ളീനർ അഖിൽ മറിഞ്ഞ വാഹനത്തിൽ പെട്ടതിനാൽ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈവറായ മിഥുൻ ലോറി മറിഞ്ഞപ്പോൾ ചാടിരക്ഷപെടാൻ ശ്രമിച്ചതാണ് ദുരന്തത്തിലേയ്ക്ക് നയിച്ചത്. മിഥുനെ ലോറിക്കടിയിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഫയർഫോഴ്‌സ് എത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം സാദ്ധ്യമായത്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയ ശേഷമാണ് യുവാവിനെ പുറത്തെടുത്തത്.

അധികാരികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാർ. പണിതിട്ടും പണിതിട്ടും പണിതീരാത്ത അവസ്ഥയിലാണ് പെരുമ്പാവൂർ മണ്ണൂർ പോഞ്ഞാശേരി റോഡ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകൊല്ലം മുമ്പാണ് റോഡിന്റെ പണി തുടങ്ങിയത്. പക്ഷേ ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ് പണി. പണി തീരും മുമ്പേ കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. പക്ഷേ ഉദ്ഘാടനമല്ലാതെ പിന്നീടൊന്നും നടന്നില്ല. അമ്പേ തകർന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്‌കരമാണ്. ഒരു മഴ പെയ്താൽ മണ്ണൂർ ടൗണും പരിസരവും വെള്ളത്തിൽ മുങ്ങും. വഴിക്ക് വീതികൂട്ടാൻ നാട്ടുകാർ പിരിവിട്ട് സ്ഥലം വാങ്ങിക്കൊടുത്തതും വെറുതെയായി.

മൂവാ​റ്റുപുഴ ഭാഗത്തുനിന്ന് വളരെ എളുപ്പത്തിൽ ആലുവയിലേക്ക് പോകാനുള്ള വഴിയാണ് ഇത്. പൂർണമായി തകർന്ന് കിടക്കുന്ന ഒമ്പത് കിലോമീ​റ്റർ ഭാഗത്ത് സ്‌കൂളുകളും ആശുപത്രികളുമൊക്കെയുണ്ട്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾപോലും ഇവിടേക്ക് വരാൻ തയാറാകുന്നില്ല. റോഡിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ അടക്കമുള്ളവർ സമരരംഗത്ത് ഇറങ്ങിയെങ്കിലും ഫലമുണ്ടായിട്ടില്ല.