house

ആലുവ: നഗരമദ്ധ്യത്തിൽ വ്യാപാര സമുച്ചയം നിർമ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് 18 വീടുകൾ അപകടാവസ്ഥയിലായ സാഹചര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് നഗരസഭ സെക്രട്ടറി ടോബി തോമസ് പറഞ്ഞു. വിഷയം എൻജിനിയറിംഗ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

ആലുവ ഫയർ ആന്റ് റെസ്‌ക്യു ഓഫീസിന് പിന്നിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വർഷങ്ങൾക്ക് മുമ്പ് കുന്നിടിച്ച് ഭൂമി റോഡ് നിരപ്പാക്കിയതാണ്. പിന്നീട് ഭൂനിരപ്പിൽ നിന്നും പത്തടിയോളം താഴ്ത്തുകയും ചെയ്തിരുന്നു.

ഇതിനിടെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ കെട്ടിട നിർമ്മാണം നടന്നില്ല. വർഷങ്ങളായി ഈ സ്ഥലം വെള്ളം കെട്ടി മാലിന്യം നിറഞ്ഞ് കൊതുകു വളർത്തൽ കേന്ദ്രമായി കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് 60 സെന്റോളം വരുന്ന സ്ഥലത്തിന്റെ അതിർത്തിയിൽ നിന്നിരുന്ന മൺതിട്ടകളും നീക്കി കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാൻ ആരംഭിച്ചത്. ഇതിനായി അതിർത്തിയോട് ചേർന്ന് തന്നെ മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിന് വഴിയൊരുക്കിയത്. സമീപത്തെ വീടിന്റെ പിൻവശത്തെ മുറ്റം ഉൾപ്പെടെ 15 അടിയോളം താഴേക്ക് പതിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ അധികൃതരും പൊലീസും സ്ഥലത്തെത്തിയിരുന്നു. നഗരസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംഘടിതമായ പ്രതിഷേധവും നഗരസഭയുടെ ഇടപെടലും ഉണ്ടാകില്ലെന്ന ധാരണയിലാണ് സ്ഥലയുടമ നിയമവിരുദ്ധമായ നടപടി സ്വീകരിച്ചതെന്നാണ് ആക്ഷേപം.