
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുകേസിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ ഡിസംബർ 16 വരെ ജയിലിൽ ചോദ്യംചെയ്യാൻ ഇ.ഡിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. ജയിൽ അധികൃതരുടെ സാന്നിദ്ധ്യം ഒഴിവാക്കി ചോദ്യംചെയ്യാൻ അനുവദിക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യമെങ്കിലും കോടതി ഇതനുവദിച്ചില്ല.ഇരുപ്രതികളെയും പാർപ്പിച്ച ജയിലുകളിലെ സൂപ്രണ്ടുമാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചോദ്യംചെയ്യുമ്പോൾ ഒപ്പമുണ്ടാകണം. എന്നാൽ പറയുന്നതെന്താണെന്ന് കേൾക്കാൻ കഴിയാത്ത ദൂരത്തേക്ക് ഇവർ മാറി നിൽക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ ചോദ്യം ചെയ്യാം. രണ്ടു മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുമ്പോൾ അരമണിക്കൂർ വിശ്രമം അനുവദിക്കണം. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഡോളർ കടത്തു കേസിലും സ്വർണക്കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ ചില ഉന്നതർക്കു കൂടി പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ നേരത്തെ സമ്മതിച്ചിരുന്നു. ഇൗ വസ്തുതകൾ കണക്കിലെടുത്താണ് ഇരുവരെയും കൂടുതൽ ചോദ്യംചെയ്യാൻ ഇ.ഡി അനുമതി തേടിയത്. ശിവശങ്കറെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളെക്കുറിച്ചും വിശദമായി അന്വേഷണം വേണമെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി.
ഇരുവരുടെയും അഭിഭാഷകർ ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള ഇ.ഡിയുടെ അപേക്ഷയെ എതിർത്തു. പലതവണ ഇരുവരെയും ചോദ്യംചെയ്ത സാഹചര്യത്തിൽ ഇതനുവദിക്കരുതെന്നും അനുവദിച്ചാൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.