
കൊച്ചി: പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയതിനൊപ്പം പാലാരിവട്ടം 'പകൽനരിവട്ടം' ആകട്ടെയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പാലാരിവട്ടത്തിന് ആ പേര് കിട്ടിയ കഥ പരിഹാസഭാവത്തിൽ പരമാർശിക്കുകയായിരുന്നു കോടതി. സ്വകാര്യ ആശുപത്രിയിൽ കാൻസർ രോഗത്തിനു ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരട്ടെയെന്നും നില മെച്ചപ്പെട്ടശേഷം ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റുന്ന ഘട്ടത്തിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്.
പാലാരിവട്ടം ഫ്ളൈ ഒാവർ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന കേസിൽ നവംബർ 18 നാണ് വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റുചെയ്തത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തന്നോടും തന്റെ പാർട്ടിയോടുമുള്ള രാഷ്ട്രീയവൈരാഗ്യം മൂലമാണ് അറസ്റ്റെന്നും ഗുരുതരമായ കാൻസർരോഗ ബാധിതനായ താൻ ചികിത്സയിലാണെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം. എന്നാൽ അറസ്റ്റിന് ഒരുദിവസംമുമ്പ് സ്വന്തം ഇഷ്ടമനുസരിച്ചുള്ള ആശുപത്രിയിൽ അഡ്മിറ്റായി തന്റെ ഇഷ്ടപ്രകാരം ഡോക്ടറുടെ ചികിത്സതേടിയ ഒരാൾക്ക് ആരോഗ്യപരമായ കാരണങ്ങളുടെ പേരിൽ ജാമ്യംനൽകാൻ കഴിയില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽനിന്ന് പ്രതിക്ക് ആശുപത്രിചികിത്സ അനിവാര്യമാണെന്ന് വ്യക്തമാണ്. ആരോഗ്യനില മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരേണ്ടതുമുണ്ട്. ഇൗ സാഹചര്യത്തിൽ ജാമ്യത്തിലിറങ്ങേണ്ട ആവശ്യമെന്താണ് ? പ്രതിക്ക് പലതരത്തിലുള്ള രോഗബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇൗ കൊവിഡ് കാലത്ത് ജാമ്യംനൽകി വീട്ടിലേക്ക് പോകണമെന്ന് പറയേണ്ട ആവശ്യമെന്താണെന്നും സിംഗിൾബെഞ്ച് ചോദിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
പാലാരിവട്ടം ഫ്ളൈ ഒാവർ നിർമ്മാണത്തിന്റെ കരാർ ആർ.ഡി.എസ് കമ്പനിക്കു നൽകിയതിലും ചട്ടവിരുദ്ധമായി മൊബിലൈസേഷൻ അഡ്വാൻസായി 8.25 കോടി രൂപ അനുവദിച്ചതിലും അഴിമതിയുണ്ടെന്നാണ് കേസ്. കരാർ കമ്പനിക്ക് വഴിവിട്ടു നേട്ടമുണ്ടാക്കിക്കൊടുത്ത വകയിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് വൻ തുക കോഴ വാങ്ങിയെന്നാണ് വിജിലൻസ് പറയുന്നത്.
പാലാരിവട്ടത്തിന്റെ കഥ
പകൽപോലും നരികൾ കറങ്ങിനടന്ന സ്ഥലമെന്ന അർത്ഥം വരുന്ന പകൽനരിവട്ടം എന്ന പേരിൽനിന്നാണ് പാലാരിവട്ടമെന്ന പേരുണ്ടായത്. എന്നാൽ, ഇപ്പോൾ നരികളല്ല, അഴിമതിക്കാരായ നരന്മാരാണ് ഇവിടെ അലഞ്ഞുനടക്കുന്നതെന്ന് കേരളീയർ സംശയിക്കുന്നെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. വിജിലൻസിന്റെ നീതിയുക്തവും പക്ഷരഹിതവുമായ അന്വേഷണത്തിലൂടെ സത്യംകണ്ടെത്തി നരികളുമായി ബന്ധപ്പെട്ട പാലാരിവട്ടമെന്ന പഴയപേര് വീണ്ടെടുക്കണം. അഴിമതിക്കാരായ നരന്മാരെക്കാൾ നല്ലത് നരികളാണെന്നും ഹൈക്കോടതി പറഞ്ഞു.