
കൊച്ചി : മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ചെയർമാനായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് (മുസ്ളിം പ്രിന്റിംഗ് ആൻഡ് പബ്ളിഷിംഗ് കമ്പനി) സ്രോതസ്സ് വെളിപ്പെടുത്താതെ 4.5 കോടി രൂപ നിക്ഷേപിച്ചിരുന്നെന്നും ഇതിൽ 1.12 കോടി രൂപ പ്രധാൻമന്ത്രി ഗരീബ് കല്യാൺ ഡിപ്പോസിറ്റ് സ്കീമിൽ 2016 ലാണ് നിക്ഷേപിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള സിംഗിൾബെഞ്ചിന്റെ വിധിയിലാണ് ഇതു പറയുന്നത്. ഗരീബ് കല്യാൺ സ്കീമിലെ തുക അടുത്ത മാർച്ച് 30 ന് തിരിച്ചു കിട്ടുമെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചിരുന്നു.
2017 ഫെബ്രുവരി 24 വരെ മുസ്ളിം പ്രിന്റിംഗ് ആൻഡ് പബ്ളിഷിംഗ് കമ്പനിയുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ഇൗ കാലത്ത് നിക്ഷേപിച്ച പണത്തിന് ഉത്തരവാദിയല്ലെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വാദം.
ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണങ്ങൾ
 ഫ്ളൈ ഒാവർ നിർമ്മാണത്തിന് കരാർ നൽകിയതിൽ ലഭിച്ച കോഴയും ഇൗ തുകയുമായി ബന്ധമുണ്ട്
 മുസ്ളിം പ്രിന്റിംഗ് ആൻഡ് പബ്ളിഷിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്ക് പത്തു കോടി രൂപ നിക്ഷേപിച്ചു
 പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാഞ്ചിൽ തുക നിക്ഷേപിക്കാനെത്തിയയാളുടെ ദൃശ്യങ്ങളുണ്ട്
 ഇൻകംടാക്സ് നടപടി സ്വീകരിച്ചതിനെത്തുടർന്ന് പിഴയടച്ച് നടപടികളിൽ നിന്നൊഴിവായി
 2020 മാർച്ച് ഒമ്പതിന് ഇബ്രാഹിം കുഞ്ഞിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ ഇതിന്റെ രേഖകൾ കിട്ടി
 ടെൻഡറിന് മുമ്പ് 2013 ജൂൺ 17 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഗൂഢാലോചന നടത്തി
 മൊബിലൈസേഷൻ അഡ്വാൻസ് നൽകിയ വകയിൽ 51.37 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി
 റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം.ഡി മുഹമ്മദ് ഹനീഷ് പണം നൽകാൻ ശുപാർശ ചെയ്തു
 പണം നൽകാൻ റോഡ് ഫണ്ട് ബോർഡ് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന് അപേക്ഷ നൽകി
 തുടർന്ന് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിർദ്ദേശപ്രകാരം പണം അനുവദിച്ച് ഉത്തരവിറങ്ങി