കൊച്ചി:എറണാകുളം പി.വി.എസ് ആശുപത്രി തുച്ഛവിലയ്ക്ക് മറ്റൊരു സ്വകാര്യ ആശുപത്രി വാങ്ങുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മെഡിക്കൽ ഉപകരണങ്ങളുടെ ഡീലറായ മാത്യു തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 126 കോടി രൂപ റെസല്യൂഷൻ ആപ്ലിക്കേഷൻ വാല്യു കാണിച്ച് ബാങ്കുകളുടെ ഒത്താശയോടെ പി.വി.എസ് ആശുപത്രി സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ ഈ തുക കൊണ്ട് എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്, മറ്റുബാങ്കുകൾ, ജീവനക്കാർ എന്നിവരുടെ കടബാദ്ധ്യത മാത്രമേ തീർക്കാനാവൂ. ക്രെഡിറ്റേഴ്‌സ് വിഭാഗത്തിൽപ്പെടുന്ന ഡീലർമാരുടെ കടബാദ്ധ്യതയായ 38 കോടിയും ഡോക്ടർമാരുടെ കടബാദ്ധ്യതയും തീർക്കാനാവില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധവും നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടേക്കർ 22 സെന്റ് സ്ഥലത്ത് മൂന്നുലക്ഷം ചതുരശ്ര അടിയിലേറെ വിസ്തീർണം വരുന്ന രണ്ട് ആശുപത്രി കെട്ടിടങ്ങളും ആധുനിക ചികിത്സാസൗകര്യങ്ങളും ഫ്ളാറ്റും വാഹനങ്ങളും ഉൾപ്പെടുന്ന എറണാകുളം പിവിഎസ് ആശുപത്രിയുടെ മതിപ്പുവില 400 കോടിയാണ്. ഇത് കണക്കിലെടുത്ത് എൻ.സി.എൽ.ടിയും റെസല്യൂഷൻ പ്രൊഫഷണലും ചേർന്ന് റീടെണ്ടർ വച്ച് മുഴുവൻ ബാദ്ധ്യതയും തീർക്കാനാകുന്ന വിലയ്ക്ക് എറണാകുളം പി.വി.എസ് ആശുപത്രി വിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.