തൃക്കാക്കര : തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. നാളെ രാവിലെ എട്ട് മതുൽ വോട്ടെണ്ണൽ ആരംഭിക്കും. ജില്ല ഇടത്തോട്ടോ വലത്തോട്ടോ എറണാകുളത്ത് താമര നിറയമോയെന്നെല്ലാം ഉച്ചയോടെയെ അറിയാം. എന്നാൽ പോസ്റ്റൽ വോട്ടുകൾ ഏറെയുള്ളതിനാൽ അന്തിമഫലം വൈകിയേക്കും. അതേസമയം വോട്ടെണ്ണൽ കേന്ദ്രങ്ങളടക്കം സജ്ജീകരിക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു ഇന്നലെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഇന്ന് കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കും. ജില്ലയിൽ 28 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. കൊവിഡ് മനദണ്ഡം കർശനമായി പാലിക്കേണ്ടതിനാൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
കൗണ്ടിംഗ് ഓഫീസർമാർ കൈയുറയും മാസ്‌കും ഫേസ് ഷീൽഡും നിർബന്ധമായും ധരിക്കണം. കൗണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.
പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കും.വോട്ടെണ്ണൽ ആരംഭിക്കുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകൾ ബ്ലോക്ക് തല കേന്ദ്രങ്ങളിൽ വച്ചായിരിക്കും എണ്ണുന്നത്. മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും. വോട്ട് എണ്ണൽ കേന്ദ്രത്തിന് അകത്തും പുറത്തും ആൾക്കൂട്ടം ആൾക്കൂട്ടം അനുവദിക്കില്ല. സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ വോട്ട് എണ്ണലിന് ചുമതലപെടുത്താനാകും.ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാളാണ് ഒരുക്കിയിട്ടുള്ളത്.