
കൊച്ചി: മലയോരവും കടൽത്തീരവും തുറന്നിട്ടും വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളിൽ കൊവിഡ് നിയന്ത്രണത്തിന് അയവില്ല. ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങളിലെത്തി നിരാശരായി മടങ്ങുന്നത്.
മാർച്ച് പകുതിയോടെപൂട്ടിയ സംസ്ഥാനത്തെ ഒട്ടുമിക്ക ബീച്ചുകളും മലയോരവിശ്രമകേന്ദ്രങ്ങളും ഉപാധികളോടെയെങ്കിലും തുറന്നതുകൊണ്ട് ഇക്കോടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുകാണുമെന്ന പ്രതീക്ഷയിലാണ് സകുടുംബം സഞ്ചാരികൾ എത്തുന്നത്. കിലോമീറ്ററുകൾ യാത്രചെയ്ത് സ്ഥലത്തെത്തുമ്പോൾ മാത്രമാണ് അടച്ചിട്ടവാതിലുകൾ ഇനിയും തുറന്നിട്ടില്ലെന്ന യാഥാർത്ഥ്യം അറിയുന്നത്. ഇതേ ചൊല്ലി കേന്ദ്രങ്ങളുടെ കവാടത്തിൽ കാവൽനിൽക്കുന്ന വാച്ചർമാരുമായി സഞ്ചാരികൾ കലഹിക്കുന്നതും പതിവാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പ്രധാനകേന്ദ്രമായ പാണിയേലിപോരിലാണ് കലഹം രൂക്ഷം.
വനവും വന്യജീവികളും ഒരുക്കുന്ന കാഴ്ചഭംഗിയും പുഴയിലെ നീരാട്ടുമൊക്കെയാണ് പാണിയേലി പോരിന്റെ ആകർഷണീയത. കൊച്ചിയിൽ നിന്ന് 55 കിലോമീറ്ററും പെരുമ്പാവൂരിൽ നിന്ന് 20 കിലോമീറ്ററും അകലെയാണ് പാണിയേലിപോര് ഇക്കോടൂറിസം സെന്റർ.
കൊവിഡ് കാലമായിട്ടു പോലും ദിവസവും നിരവധി വാഹനങ്ങളിലാണ് കുടുംബസമേതം ആളുകൾ ഇവിടെയെത്തുന്നത്. വരുന്നവരെയെല്ലാം നിലംതൊടാതെ മടക്കി അയക്കുന്ന ചുമതല വനസംരക്ഷണ സമിതിയെ ഏൽപ്പിച്ച് ഉദ്യോഗസ്ഥരും തലയൂരി. സംശയങ്ങൾക്കൊന്നും വ്യക്തമായ മറുപടിപറയാൻ അറിയാത്ത പാവപ്പെട്ട വാച്ചർമാരുമായി തർക്കിച്ചും കലഹിച്ചും ആളുകൾ ബഹളമുണ്ടാക്കുന്നതും പതിവാണ്.
മാസങ്ങളോളം വീടിനുള്ളിൽ അടച്ചുപൂട്ടി കഴിഞ്ഞവർ അല്പമൊരാശ്വാസം തേടിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വച്ചുപിടിക്കുന്നത്.
9000 കുടുംബങ്ങൾ പ്രതിസന്ധിയിൽ
വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം പദ്ധതികൾ ആദിവാസികളും വനസംരക്ഷണസമിതി പ്രവർത്തകരുമൊക്കെയായ 2000 കുടുംബങ്ങൾക്ക് നേരിട്ട് തൊഴിലും ജീവനോപാധികളും നൽകുന്നതുകൂടിയാണ്. ഇവരെ കൂടാതെ ടാക്സി, വ്യാപാരികൾ തുടങ്ങി 7000ൽപ്പരം കുടുംബങ്ങളും ഉപജീവനം കണ്ടെത്തുന്നുവെന്നാണ് വനംവകുപ്പിന്റെ കണക്കുകൾ. മാർച്ചിലെ കൊവിഡ് ലോക് ഡൗണിനുശേഷം ടൂറിസം പദ്ധതി അവതാളത്തിലായതോടെ ഈ കുടുംബങ്ങളെല്ലാം പ്രതിസന്ധിയിലുമാണ്.