aryanandha
തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തിൽ മാതൃകാപ്രവർത്തനം നടത്തിയ ആര്യനന്ദക്ക് ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ നിഷോർ ഒലങ്ങിൽ ഉപഹാരം നൽകുന്നു

ആലുവ: കൊവിഡിനെ തുരുത്താൻ പോളിംഗ് കേന്ദ്രത്തിൽ വോട്ടില്ലാത്ത മിടുക്കിയുടെ സേവനം മാതൃകാപരമായി. അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ ബി.എസ് സി ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയൻസ് വിദ്യാർത്ഥിനി ദേശം ഗാന്ധിപുരം വട്ടംതാട്ടിൽ ബാബു - ജിജി ദമ്പതികളുടെ മകളായ ആര്യനന്ദയുടെ സേവനമാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.

ചെങ്ങമനാട് പഞ്ചായത്ത് 12-ാം വാർഡിൽ ഒന്നാംബൂത്തായ ഗാന്ധിപുരം അങ്കണവാടിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയവർക്കെല്ലാം രാവിലെമുതൽ വൈകിട്ടുവരെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസർ വിതരണം ചെയ്തത് ആര്യനന്ദയാണ്. കോളേജിൽ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) വാളണ്ടിയറായ ആര്യനന്ദയ്ക്ക് വോട്ടവകാശം ആയിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് കൂറൊന്നുമില്ല. എൻ.എസ്.എസ് വാളണ്ടിയർ എന്ന നിലയിലുള്ള സേവമാണ് ഏറ്റെടുത്തത്. നിരവധിയാളുകൾ വരുന്ന പോളിംഗ് ബൂത്തിലേക്ക് പല വോട്ടർമാരും കൊവിഡ് ഭീതിയിൽ വരാൻ മടിക്കുമ്പോഴാണ് ആര്യനന്ദ യാതൊരു വേതനവുമില്ലാതെ മുന്നോട്ടുവന്നത്.

മാതൃകാപ്രവർത്തനം കാഴ്ച്ചവെച്ച ആര്യനന്ദയെ ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ നിഷോർ ഒലങ്ങിൽ ഉപഹാരം നൽകി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, പഞ്ചായത്ത് ജനറൽ സെക്രട്ടറി സേതുരാജ് ദേശം, കർഷക മോർച്ച ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണൻ പട്ടൂർ, വാർഡ് സഹകൺവീനർ സായന്ത്, ശ്രീലജ് എന്നിവരും പങ്കെടുത്തു.