
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ പ്രതിയായ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ സഹിതം പുറത്തിറക്കിയ കലണ്ടറിനെതിരെ പ്രതിഷേധം രൂക്ഷം. തൃശൂരിന് പുറമെ കുറവിലങ്ങാട്ട് ഉൾപ്പെടെ ഒരുവിഭാഗം വിശ്വാസികൾ കലണ്ടർ കത്തിച്ചു.
ബിഷപ്പ് ഫ്രാങ്കോയുടെ ജന്മനാടായ സീറോ മലബാർസഭയുടെ തൃശൂർ രൂപതയാണ് ബിഷപ്പുമാരുടെ കളർ ഫോട്ടോ സഹിതം 2021 ലെ കലണ്ടർ പുറത്തിറക്കിയത്. ബിഷപ്പുമാരുടെ ജന്മമാസം അനുസരിച്ച് ഫോട്ടോകൾ ചേർത്തു. മാർച്ച് മാസത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ ഫോട്ടോയുള്ളത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിചാരണ നേരിടാനിരിക്കുന്ന ബിഷപ്പിന്റെ ഫോട്ടോ കലണ്ടറിൽ ഉൾപ്പെടുത്തിയത് വിശ്വാസികളോടും ഇരയായ കന്യാസ്ത്രീയോടുമുള്ള അവഹേളനമാണെന്ന് പ്രതിഷേധിച്ച വിശ്വാസികൾ പറയുന്നു.
യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് തൃശൂരിൽ പ്രതിഷേധിച്ചത്. സഭയുടെ ചുമതലകളിൽ നിന്നെല്ലാം ഒഴിവാക്കപ്പെട്ട ഫ്രാങ്കോയെ കലണ്ടറിൽ ഉൾപ്പെടുത്തിയത് അനുചിതമാണെന്ന് മൂവ്മെന്റ് അഭിപ്രായപ്പെട്ടു.
രൂപതാ ആസ്ഥാനത്തിന് മുൻപിലും കന്യാസ്ത്രീ താമസിക്കുന്ന കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടും പാലായിലുമുൾപ്പെടെ നാല്പതിലേറെ സ്ഥലങ്ങളിൽ കലണ്ടർ കത്തിച്ച് വിശ്വാസികൾ പ്രതിഷേധിച്ചു. എറണാകുളം കേന്ദ്രമായ സേവ് ഒൗവർ സിസ്റ്റേഴ്സ്, അതിരൂപതാ സംരക്ഷണ സമിതി എന്നിവയും പ്രതിഷേധിച്ചു.
കുറ്റകൃത്യത്തിലെ പ്രതിയെക്കാൾ വലിയ കുറ്റമാണ് സഭയുടെ നടപടിയെന്ന് സേവ് ഒൗവർ സിസ്റ്റേഴ്സ് മൂവ്മെന്റിന്റെ മുൻ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
അദ്ദേഹം കുറ്റാരോപിതൻ മാത്രമെന്ന് വിശദീകരണം
തൃശൂർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കത്തോലിക്കാസഭ കലണ്ടറിൽ നൽകിയതിനെ ന്യായീകരിച്ച് തൃശൂർ അതിരൂപത. ഫ്രാങ്കോ മുളയ്ക്കൽ കുറ്റാരോപിതൻ മാത്രമാണെന്നും അദ്ദേഹം ഇപ്പോഴും ബിഷപ് സ്ഥാനത്തുള്ള ആളാണെന്നും കത്തോലിക്കാസഭ മാനേജിംഗ് എഡിറ്റർ ഫാ. റാഫേൽ ആക്കാമറ്റത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2021 വർഷത്തെ വിശേഷ ദിവസങ്ങൾ ഉൾക്കൊള്ളിച്ച് തൃശൂർ അതിരൂപത പുറത്തിറക്കിയ കത്തോലിക്കാസഭ കലണ്ടറിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം നൽകിയത്. ഇതിനെതിരെ സഭയ്ക്കുള്ളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
മാർച്ച് മാസത്തിലെ പേജിലാണ് ഫ്രാങ്കോയുടെ ഫോട്ടോ. മാർച്ച് 25നാണ് ബിഷപ്പിന്റെ ജന്മദിനമെന്നും ചിത്രത്തോടൊപ്പം നൽകിയ അടിക്കുറിപ്പിൽ പറയുന്നു. ഫ്രാങ്കോയുടെ ചിത്രം ഉൾപ്പെടുത്തിയ കലണ്ടർ സമൂഹമാദ്ധ്യമങ്ങളിലും മറ്റും വൈറലായെങ്കിലും ഇതിൽ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിലാണ് കത്തോലിക്കാസഭ. ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്തു തുടരുന്നുണ്ടെന്നും അദ്ദേഹത്തിനെതിരായ കുറ്റങ്ങളൊന്നും കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കത്തോലിക്കാസഭ വിശദീകരിക്കുന്നു.