ആലുവ: കൊവിഡ് നൽകിയ നീണ്ട ഒമ്പതു മാസത്തെ ഇടവേളയ്ക്കുശേഷം കലാപരിശീലനകേന്ദ്രങ്ങൾ സാവധാനം ഉണരുകയാണ്. സംഗീത, നൃത്ത, ചിത്രരചനാ കേന്ദ്രങ്ങളിൽ പ്രായഭേദമില്ലാതെ വിദ്യാർത്ഥികൾ എത്തിത്തുടങ്ങി.
വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന കുട്ടികൾക്ക് മാനസികോല്ലാസം കൂടിയായിരിക്കുകയാണ് സംഗീത പരിശീലന ലോകം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കലാകേന്ദ്രങ്ങൾ പ്രവേശനം അനുവദിക്കുന്നത്. സാനിറ്റൈസർ ഉപയോഗവും മാസ്‌കും സാമൂഹികഅകലവും നിർബന്ധമാണ്. വ്യത്യസ്തസമയം അനുവദിച്ചാണ് പ്രവർത്തനം. അതേസമയം പല സ്ഥാപനങ്ങളിലും പൂർണതോതിൽ കുട്ടികൾ എത്തിത്തുടങ്ങിയിട്ടില്ല. ഓൺലൈൻ ക്ലാസുകളാണെങ്കിലും ഇപ്പോൾ വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുകയാണ്. ക്രിസ്മസ് അവധിയാകുമ്പോൾ കൂടുതൽ കുട്ടികൾ കലാപരിശീലന കേന്ദ്രങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ.
# മാനസികസമ്മർദം കുറയ്ക്കുന്ന കലാപഠനം
നേരിട്ടുള്ള പഠനമാണ് ഇഷ്ടമെന്ന് കുട്ടികളും പറയുന്നുണ്ട്. കുട്ടികൾക്ക് വീട്ടിലിരുന്ന് മടുത്തെന്നും കലാപഠനം അവരുടെ മാനസികസമ്മർദം കുറയ്ക്കുന്നതായും മാതാപിതാക്കളും പറയുന്നു. ചില വിദ്യാർത്ഥികൾ ഓൺലൈനിൽതന്നെ പഠനം തുടരുന്നുണ്ടെന്ന് സംഗീതാദ്ധ്യാപകൻ കൂടിയായ പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് പറഞ്ഞു. പരിശീലനകേന്ദ്രങ്ങളിൽനിന്ന് ദൂരെയുള്ളവരാണ് ഈ സേവനം ഇപ്പോഴും ഉപയോഗിക്കുന്നത്. അനുവദിച്ചിരിക്കുന്ന സമയത്ത് യാത്രാസൗകര്യം ഇല്ലാത്തതും കാരണമാണ്. കലോത്സവ മത്സരാർത്ഥികൾക്ക് കടുത്ത പരിശീലനങ്ങൾ നടത്തുന്ന പതിവ് കാഴ്ചയില്ലായെന്ന പ്രത്യേകതയും ഈ ഡിസംബറിനുണ്ട്.
സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് വിദ്യാർത്ഥികളെ ഒരുക്കേണ്ട ചുമതല നിർവഹിച്ചിരുന്നത് ആയിരക്കണക്കിന് കലാകാരന്മാർ ആയിരുന്നു. വിവിധതരം നാടകങ്ങൾ, നൃത്തനൃത്യങ്ങൾ, മിമിക്രി, സംഗീതം, വാദ്യോപകരണ സംഗീതം തുടങ്ങി എല്ലാ മേഖലയും സജീവമായിരിക്കുന്ന കാലം കൂടിയായിരുന്നു ഡിസംബർ മാസം. സ്റ്റേജ് പ്രോഗ്രാമുകളും ഇല്ലാത്തതിനാൽ വാദ്യോപകരണ കലാകാരന്മാരെ മുഴുവൻ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. വിക്ടേഴ്‌സ് ടി.വി ചാനലിൽ 10, 12 ക്ലാസുകൾക്ക് ഊന്നൽ കൊടുക്കുന്നതിനാൽ മറ്റ് ക്ലാസുകളുടെ സമയം കുറച്ചിട്ടുണ്ട്.