house
ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മണ്ണെടുത്തതിനെ തുടർന്ന് സമീപത്തെ വീടുകൾ അപകടാവസ്ഥയിലായ നിലയിൽ

ആലുവ: നഗരമദ്ധ്യത്തിൽ വ്യാപാരസമുച്ചയം നിർമ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് 18 വീടുകൾ അപകടാവസ്ഥയിലായ സാഹചര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് നഗരസഭ സെക്രട്ടറി ടോബി തോമസ് പറഞ്ഞു. വിഷയം എൻജിനിയറിംഗ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

നേരത്തെതന്നെ പരിസരവാസികളുടെ പരാതിയെ തുടർന്ന് അതിർത്തിയിൽ ഉറപ്പുള്ള സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ഥലമുടമയ്ക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇത് നിർമ്മിക്കുന്നത് വൈകിയതാണോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു. ആലുവ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസിന് പിന്നിൽ ഞായറാഴ്ച ഉച്ചയോടെയാണ് മണ്ണിടിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് കുന്നിടിച്ച് ഭൂമി റോഡ് നിരപ്പാക്കിയതാണ്. പിന്നീട് ഭൂനിരപ്പിൽ നിന്നും പത്തടിയോളം താഴ്ത്തുകയും ചെയ്തിരുന്നു.

ഇതിനിടെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ കെട്ടിടനിർമ്മാണം നടന്നില്ല. വർഷങ്ങളായി ഈ സ്ഥലം വെള്ളംകെട്ടി മാലിന്യംനിറഞ്ഞ് കൊതുകുവളർത്തൽ കേന്ദ്രമായി കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് 60 സെന്റോളം വരുന്ന സ്ഥലത്തിന്റെ അതിർത്തിയിൽ നിന്നിരുന്ന മൺതിട്ടകളും നീക്കി കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാൻ ആരംഭിച്ചത്. ഇതിനായി അതിർത്തിയോട് ചേർന്നുതന്നെ മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിന് വഴിയൊരുക്കിയത്. സമീപത്തെ വീടിന്റെ പിൻവശത്തെ മുറ്റം ഉൾപ്പെടെ 15 അടിയോളം താഴേക്ക് പതിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭാ അധികൃതരും പൊലീസും സ്ഥലത്തെത്തിയിരുന്നു.