 
കോലഞ്ചേരി: മഴുവന്നൂരിലെ റോഡുകൾ നന്നായപ്പോൾ കനാൽപാലങ്ങൾ ബലക്ഷയത്തിൽ. ഇവ പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സൗത്ത് മഴുവന്നൂരിൽ പോസ്റ്റോഫീസ് ജംഗ്ഷനിലെ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം, മഴുവന്നൂർ വില്ലേജോഫീസിനു സമീപത്തെ പാലം, കല്ലിടാക്കുഴി ജംഗ്ഷനിലെ പാലം, മഴുവന്നൂർ പെരുവുംമൂഴി റോഡിലെ കനാൽപാലം എന്നിവ പുനർ നിർമ്മിക്കണമെന്നാണ് ആവശ്യം.
1961ൽ സ്ഥലമെടുപ്പ് നടത്തി 1965ൽ നിർമിച്ച പാലങ്ങൾക്കിപ്പോൾ അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. അന്നത്തെ റോഡുകൾക്കുണ്ടായിരുന്ന വീതിയും വാഹനങ്ങൾ ഓടുന്ന കണക്കും മുൻനിർത്തിയാണ് പാലങ്ങൾ നിർമിച്ചത്. എന്നാൽ നിലവിൽ ഭാരം കയറ്റിപ്പോകുമ്പോഴുള്ള വാഹനങ്ങളുടെ ഭാരം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. പാലത്തിന്റെ ബലക്കുറവ് പരിഹരിക്കാതിരുന്നാൽ അപകട സാദ്ധ്യതയും മുന്നിലുണ്ട്.
# പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം
മംഗലത്തുനടയിൽനിന്ന് മഴുവന്നൂർ വഴി കോലഞ്ചേരിക്കു വരുന്ന റോഡിലെ പോസ്റ്റോഫീസ് ജംഗ്ഷനിലെ പാലത്തിന്റെ സുരക്ഷാഭിത്തിയും കൈവരികളും പാലത്തിനടിയിലെ ഭിത്തിയിലുള്ള വിള്ളലും വീതിക്കുറവും കാരണമാണ് പാലം പുനർനിർമിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇവിടെ പാലത്തിനോടു ചേർന്നാണ് ഓട്ടോ സ്റ്റാൻഡുമുള്ളത്.
# വില്ലേജോഫീസിനു സമീപത്തെ പാലം
മഴുവന്നൂർ കടയിരുപ്പ് റോഡ് മഴുവന്നൂരിൽനിന്നു തുടങ്ങുന്നിടത്തു തന്നെയാണ് വില്ലേജോഫീസിനു സമീപത്തെ പെരിയാർവാലി കനാൽപാലം. ഇവിടെ പലപ്പോഴായി വലിയ വാഹനങ്ങൾ തിരിഞ്ഞു പോകുമ്പോൾ പാലത്തിന്റെ കൈവരിയിൽ മുട്ടിയാണ് സുരക്ഷാഭിത്തി തകർന്നിട്ടുള്ളത്. ഈ പാലത്തിന്റെയും അടിയിൽ ഭിത്തിപൊട്ടിയിട്ടുണ്ട്. ടോറസ് ലോറികൾ ഉൾപ്പെടെ വലിയ ഭാരവണ്ടികൾ കൂടുതലായി പോകുന്ന റോഡാണിത്. റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാറിംഗ് നടത്തിയതോടെ റോഡിലെ ടാറിംഗിന് വീതിയും ഉറപ്പും ലഭിച്ചെങ്കിലും പാലത്തിന്റെ ഭാഗം മാത്രം വീതികുറഞ്ഞ് സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. വലിയ വാഹനങ്ങൾ ഭാരം കയറ്റിപ്പോകുമ്പോൾ പാലത്തിന്റെ ബലക്ഷയം ബോദ്ധ്യമാകുന്നുണ്ട്.
# കല്ലിടാക്കുഴി പടിയിലെ പാലം
കല്ലിടാക്കുഴി പടിയിലെ പാലമാണ് സുരക്ഷിതമല്ലാത്ത മറ്റൊരു പാലം. പെരിയാർവാലി കനാലിനു കുറുകെയുള്ള എല്ലാ പാലങ്ങളുംതന്നെ കാലപ്പഴക്കം കൊണ്ട് നാശോന്മുഖമായെങ്കിലും കൂടുതൽ യാത്രക്കാരും വാഹനങ്ങളും നിരന്തരം പോകുന്ന റോഡിലുള്ള പാലങ്ങളാണ് ഉടൻ പുനർനിർമിക്കേണ്ടത്.
# പെരുവംമുഴി റോഡിലെ കനാൽപാലം
മഴുവന്നൂർ പള്ളിത്താഴത്തുനിന്ന് പെരുവംമുഴിക്കു പോകുന്ന റോഡിന്റെ തുടക്കത്തിൽ തന്നെയുള്ള കനാൽ പാലത്തിന്റെ അവസ്ഥയും പരിതാപകരമാണ്.