 
പെരുമ്പാവൂർ: വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന തോട്ടുവ അമ്പലം മുതൽ കോടനാട് അമ്പലം വരെയുള്ള മൂഴിപ്പാതയും അനുബന്ധപാലവും യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോടനാട് മേഖല ജനകീയവികസന സമിതിയുടെ നേതൃത്വത്തിൽ 5001 പേരുടെ ഒപ്പോടുകൂടിയ നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രദേശത്തെ ജനപ്രതിനിധികൾക്കും നൽകുവാൻ തീരുമാനിച്ചു. സിനിമാ നടൻ ജയറാം ഒപ്പ് ശേഖരണയജ്ഞം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് റാഫേൽ ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു.
കാലടി മുതൽ പാണിയേലി വരെയുള്ള ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഈ പാത പ്രയോജനപ്പെടും. ചേരാനല്ലൂർ ഭാഗത്തുനിന്നും മലയാറ്റൂർ സെന്റ് തോമസ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും മലയാറ്റൂർ പള്ളിയിലേക്കുള്ള തീർത്ഥാടകരുടെയും ഏക വഴിയാണിത്. ആന വളർത്തൽ കേന്ദ്രമായ കോടനാടിനെ ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നതും ഈ വഴിയാണ്. കോടനാട് ഭാഗത്തുനിന്നും തോട്ടുവ അമ്പലത്തിലേക്കും തോട്ടുവ ഭാഗത്തുനിന്നും കോടനാട് അമ്പലത്തിലേക്കുംനിരവധി വിശ്വാസികൾ സഞ്ചരിക്കുന്ന ഈ വഴി ഇന്നും അവഗണനയിലാണ്. കോടനാടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും ചേരാനല്ലൂരിലെ ആയുർവേദ ആശുപത്രിയിലേക്കുള്ള എളുപ്പവഴിയാണ് മൂഴിപ്പാത. ശ്രീ ശ്രീ രവിശങ്കർ ആശ്രമം, മംഗളഭാരതി ആശ്രമം, നേവൽ ഓഫീസേഴ്‌സ് റിട്ടയർമെന്റ് ഹോം, എൻ.എസ്.എസ്. ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കും എത്താൻ പാത പ്രയോജനം ചെയ്യുമെന്ന് സമിതി സെക്രട്ടറി ശശി കൂട്ടപ്ലാക്കൽ പറഞ്ഞു.