പെരുമ്പാവൂർ: മണ്ണൂർ- പോഞ്ഞാശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എൻജിനിയറുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥതല യോഗം എം.എൽ.എ ഓഫീസിൽ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡിന്റെ ദു:സ്ഥിതി കാരണം കഴിഞ്ഞ ദിവസം ഒരുയുവാവ് അപകടത്തിൽ മരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

നിരവധി തവണ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ നേരിട്ടും ഫോൺ മുഖേനയും നടത്തിയിട്ടും ഉദ്യോഗസ്ഥരുടെയും കരാറുകരന്റെയും അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്ന് എം.എൽ.എ ആരോപിച്ചു.

റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. വെങ്ങോല മുതൽ പോഞ്ഞാശേരി വരെയുള്ള 3 കിലോമീറ്റർ ഭാഗം മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്. കാനകളുടെയും കലുങ്കുകളുടെയും നിർമ്മാണം, വൈദ്യുതി പോസ്റ്റുകൾ, ജല വിതരണ പൈപ്പുകൾ എന്നിവയുടെ മാറ്റി സ്ഥാപിക്കൽ എന്നീ കാരണങ്ങൾ കൊണ്ട് വെങ്ങോല മുതൽ മണ്ണൂർ വരെയുള്ളഭാഗം ടാർചെയ്യുവാൻ ഇതുവരെ സാധിച്ചിട്ടില്ല. വളയൻചിറങ്ങര, ചാവേലിപ്പാടം, സൗത്ത് പരത്തുവയലിപ്പടി, മണ്ണൂർ എന്നീ പ്രദേശങ്ങളിൽ കലുങ്കുകളും കാനകളും നിർമ്മാണം, വശങ്ങൾ കെട്ടി സംരക്ഷിക്കൽ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്.