ring-road-survey
റിംഗ് റോഡ് നിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന മണ്ണ് പരിശോധന

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗണിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി അവതരിപ്പിച്ച ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ രണ്ടാംഘട്ട സർവേ ആരംഭിച്ചു. 3 മാസങ്ങൾ കൊണ്ട് നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നുള്ളതിനാൽ ദ്രുതഗതിയിൽ ജോലി നടക്കുകയാണ്.

പദ്ധതി പ്രദേശത്ത് പാലങ്ങളും കലുങ്കുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ മണ്ണ് പരിശോധനയും പദ്ധതിയുടെ പുതുക്കിയ അലൈൻമെന്റ് രേഖപ്പെടുത്തുന്ന നടപടികളുമാണ് രണ്ടാംഘട്ട സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് സർവേ നടപടികൾക്കായി അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ പറഞ്ഞു. ജി.എസ് ഇൻഫ്രാസ്ട്രക്ചറാണ് സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്.

ആദ്യഘട്ട സർവ്വേയിൽ രേഖപ്പെടുത്തിയ പദ്ധതിയുടെ അലെയ്ൻമെന്റിൽ ആവശ്യമായ മാറ്റങ്ങളും ഇതോടൊപ്പം തയ്യാറാക്കും. 7.300 കിലോമീറ്റർ നീളത്തിലുന 25 മീറ്റർ വീതിയിലുമാണ് സർവേ നടത്തുന്നത്.

കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള പെരുമ്പാവൂർ രായമംഗലം റോഡിന്റെ മുനിസിപ്പൽ അതിർത്തി പ്രദേശത്ത് നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. ഇവിടെനിന്ന് ഇരിങ്ങോൾ കാവിന്റെ സമീപത്ത് കൂടി കടന്ന് ആലുവ മൂന്നാർ റോഡിൽ റോട്ടറി ക്ലബിന്റെ പരിസരത്ത് റോഡ് എത്തും. അവിടെനിന്ന് ഐമുറി റോഡ് റോഡിലെ മുനിസിപ്പൽ അതിർത്തി പ്രദേശത്തിലൂടെ പ്രഗതി അക്കാഡമി വഴി പെരുമ്പാവൂർ കൂവപ്പടി റോഡിൽ സംഗമിച്ച് അവിടെനിന്ന് വല്ലം പാലത്തിനടുത്ത് എം.സി റോഡിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിയുടെ അലെയ്ൻമെന്റ് തയ്യാറാക്കിയിട്ടുള്ളത്.

ആദ്യഘട്ട സർവേയിലെ അലെയ്ൻമെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചെങ്കിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും പാലങ്ങളും കലുങ്കുകളും നിർമ്മിക്കുന്നതിന് ആവശ്യമായ മണ്ണ് പരിശോധന നടത്തുന്നതിനുമാണ് രണ്ടാംഘട്ട സർവേ ആവശ്യമായി വന്നത്. സർവേ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതിന് ശേഷം പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗം തയ്യാറാക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നൽകിയ പദ്ധതി നിർദേശം പരിഗണിച്ചാണ് സംസ്ഥാന ബഡ്ജറ്റിൽ 25 കോടി രൂപ ഇരിങ്ങോൾ വല്ലം റിംഗ് റോഡിനായി സർക്കാർ പ്രഖ്യാപിച്ചത്.