 
മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മുളവൂരിൽ കൂർക്കക്കൃഷി വ്യാപകമാകുന്നു. വർഷങ്ങൾക്കുമുമ്പ് മുളവൂർ മേഖലയിൽ കൂർക്കക്കൃഷി വ്യാപകമായിരുന്നു. ടൺ കണക്കിന് കൂർക്കയാണ് കർഷകരിൽ നിന്നും മൊത്ത വ്യാപാരികൾ സംഭരിച്ച് വിവിധ മാർക്കറ്റുകളിൽ എത്തിച്ച് വില്പന നടത്തിയിരുന്നത്. ഇതോടെ മുളവൂർ കൂർക്കയുടെ പേരും പെരുമയും വിവിധ ജില്ലകളിലേയ്ക്ക് വ്യാപിച്ചിരുന്നു. കൂർക്കക്കൃഷി ചെയ്തിരുന്ന സ്ഥലത്ത് വിളവെടുപ്പിനു ശേഷം നെൽക്കൃഷിയും ചെയ്യാമെന്നതാണ് കർഷകരെ ഈ കൃഷിയിലേയ്ക്ക് ആകർഷിക്കാൻ പ്രധാനകാരണം. എന്നാൽ നെൽക്കൃഷിയിൽനിന്നും കർഷകർ പിൻമാറിയതും കപ്പ കൃഷിയുടെ കടന്നുകയറ്റവുംകാരണം കൂർക്കക്കൃഷിയിൽ നിന്നും കർഷകർ പിന്നോട്ട് പോകുകയായിരുന്നു.
# തരിശുരഹിത മൂവാറ്റുപുഴ കാമ്പയിൻ
എൽദോ എബ്രഹാം എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന തരിശുരഹിത മൂവാറ്റുപുഴ കാമ്പയിന്റെ ഭാഗമായി അന്യംനിന്നുപോയ കാർഷികവിളകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുളവൂർ കൂർക്കയും പുനരുജ്ജീവിപ്പിക്കുന്നത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസിന്റെ നേതൃത്വത്തിൽ ഇക്കുറി പായിപ്ര കൃഷിഭവന്റെ നേതൃത്വത്തിൽ മുളവൂരിൽ ഒരേക്കറോളം സ്ഥലത്ത് കൂർക്ക കൃഷി ചെയ്യാനായി. മളവൂർ മേയ്ക്കപ്പടിയ്ക്കൽ എം.ഐ.അബു, കുന്നുംപുറത്ത് കെ.എം. ഗോപി, പെരുമാലിൽ നിസാർ മൗലവി, കോയിക്കൽ മീതിയൻ അടയ്ക്കമുള്ളവരാണ് ഇക്കുറി പരീക്ഷണ അടിസ്ഥാനത്തിൽ കൂർക്ക കൃഷി ചെയ്തത്. കർഷകർക്കാവശ്യമായ നിർദേശങ്ങളും സഹായസഹകരണങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകി. ഇക്കുറി വിളവ് അൽപ്പം കുറവാണ്. എന്നാൽ ആവശ്യക്കാർ കൂടുതലും.
# നിസാരക്കാരനല്ല കൂർക്ക
കിഴങ്ങുവർഗത്തിൽപെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിത ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും കൂർക്ക നന്നായി വളരും. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും പാചകം ചെയ്താൽ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങു വർഗമാണ് കൂർക്ക. ചൈനീസ് പൊട്ടറ്റോ എന്നും അറിയപ്പെടുന്ന കൂർക്ക മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. കൂർക്കയിൽ 20 ശതമാനം അന്നജമാണ്. കാത്സ്യം, ഇരുമ്പ്, തയമിൻ, റൈബോഫ്‌ളോവിൻ, നിയാസിൻ, ജീവകം സി ഇവയുടെ കലവറയാണ് കൂർക്ക. നല്ല നിരോക്‌സീകാരികൾ ഇതിലുണ്ട്. കൃഷിചെയ്യാൻ പറ്റിയ സമയം ജൂലായ് മുതൽ ഒക്ടോബർ വരെയാണ് . ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി കൂടെ വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളം. കൂർക്കയുടെ പ്രധാനശത്രു നിമാ വിരയാണ്.