 
മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിനുശേഷം വോട്ട് കൂട്ടലും കിഴിക്കലുമായി സ്ഥാനാർത്ഥികളും മുന്നണി പ്രവർത്തകരും മാറിയപ്പോൾ ഇതിൽനിന്നും വ്യത്യസ്ഥനായൊരു സ്ഥാനാർത്ഥി ഇതാ. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഇ.എം. ഷാജിയാണ് സേവന പ്രവർത്തനവുമായി രംഗത്തുള്ളത് . താൻ മത്സരിച്ച വാർഡിൽ കൊവിഡ് പോസിറ്റീവായ ആളുകൾക്ക് മരുന്നും നിത്യോപയോഗ സാധനങ്ങളും വീടുകളിൽ എത്തിക്കുന്ന തിരക്കിലാണ് ഷാജി.
മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ മുളവൂർ മേഖലയിലെ സാന്ത്വന പ്രവർത്തനരംഗത്താണ് ഷാജി കൂടുതൽ ശ്രദ്ധിക്കുന്നത്. ഇതോടൊപ്പം തന്നെ നിർദ്ധന രോഗികൾക്കുള്ള മരുന്നുകളും വിവിധ ചാരിറ്റി സംഘടനകളിലെ അംഗമായ ഷാജി എത്തിച്ച് നൽകുന്നുണ്ട്. നെല്ലിക്കുഴി പീസ് വാലി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലെ നിത്യസന്ദർശകനായ ഷാജി പ്രദേശത്തെ നിർദ്ധന രോഗികൾക്കും സാധാരണക്കാർക്കും എപ്പോഴും കൈത്താങ്ങാണ്. ഇതിനിടയിൽ സമയം കണ്ടെത്തി വാർഡിലെ സഹപ്രവർത്തകരെയും വോട്ടർമാരെയുമടക്കം നേരിൽകണ്ട് നന്ദി പറയുകയും ചെയ്യുന്നു.