ആലുവ: കൊവിഡ് രോഗബാധിതന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിച്ചില്ലെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് എടയപ്പുറം ചെറുപിള്ളി വീട്ടിൽ സി.കെ. ജയന്റെ മകൻ സി.ജെ. ജയകൃഷ്ണൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. കീഴ്മാട് ഗ്രാമപഞ്ചായത്ത് 17 -ാം വാർഡിലെ ഒന്നാം ഭാഗത്തെ വോട്ടറായ ജയകൃഷ്ണൻ കഴിഞ്ഞ മൂന്നിനാണ് കൊവിഡ് പോസിറ്റീവായത്. നിരീക്ഷണത്തിലായിരുന്ന ജയകൃഷ്ണന്റെ പിതാവിനും മാതാവിനും കഴിഞ്ഞദിവസം പോസ്റ്റ് ബാലറ്റ് ലഭിച്ചിരുന്നു. ജയകൃഷ്ണന് അടുത്തദിവസം ലഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും ഇതുവരെ ലഭിച്ചില്ല.

ഇന്നലെ പഞ്ചായത്ത് ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ഡി.എം.ഒയ്ക്ക് ജയകൃഷ്ണന്റെ പേര് കൈമാറിയെന്നാണ് അറിയിച്ചത്. ഡി.എം.ഒ റിട്ടേണിംഗ് ഓഫീസറായ താലൂക്ക് സർവേ സൂപ്രണ്ടിന് കൈമാറിയെന്നും അറിയിച്ചു. റിട്ടേണിംഗ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ കൊവിഡ് ലിസ്റ്റിലുണ്ടായിരുന്നവർക്കെല്ലാം ബാലറ്റ് നൽകിയെന്ന മറുപടിയാണ് ലഭിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയകൃഷ്ണൻ അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് വിനോജ് ഞാറ്റുവീട്ടിലും അറിയിച്ചു.