kumari-case

കൊച്ചി: ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച കേസിൽ അന്വേഷണം തണുപ്പൻ മട്ടിലെന്ന ആരോപണത്തിന് പിന്നാലെ കേസ് അട്ടിമറിക്കാനും പൊലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായി. സേലം സ്വദേശി കുമാരി മരിക്കുക കൂടി ചെയ്‌തതോടെ പൊലീസ് നീക്കങ്ങൾ പ്രതിസന്ധിയിലായി. അബോധാവസ്ഥയിലായിരുന്നതിനാൽ മൊഴിയെടുക്കാനും കഴിഞ്ഞില്ല. ഭർത്താവിന്റെ പരാതിയിൽ അന്യായമായി തട‌ങ്കലിൽ പാർപ്പിക്കൽ കുറ്റം മാത്രമാണ് ചുമത്തിയത്. പ്രതിയുടെ പേരും എഫ്.ഐ.ആറിൽ ചേർത്തിരുന്നില്ല.

എന്നാൽ, മൊഴിയിൽ ഫ്ളാറ്റുടമ ഇംതിയാസിന്റെ പേരില്ലാത്തതിനാലാണ് അങ്ങനെ ചെയ്‌തെന്നാണ് പൊലീസ് വാദം. അത് കേസിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി. കുമാരി മരിച്ചതോടെ ഇംതിയാസിന്റെ കുടുംബം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന വിവരം പുറത്തുവന്നതോ‌ടെ പൊലീസ് ജാമ്യമില്ലാ കുറ്റം കൂടി ചുമത്തുകയായിരുന്നു.

എറണാകുളം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം എത്തിച്ചുവെന്ന് പറഞ്ഞതായാണ് കുമാരിയുടെ ചില ബന്ധുക്കൾ പറയുന്നത്. എന്നാൽ, ഇന്നലെ രാവിലെ ഇവർ മെഡിക്കൽ കോളേജിൽ വന്നപ്പോഴും മൃതദേഹം സ്വകാര്യ ആശുപത്രിയിൽ തന്നെയായിരുന്നു. ഇത് കേസ് അട്ടിമറിക്കാനാണെന്ന് വാദവുമായി ചില സംഘടനകളും രംഗത്തെത്തി.

എന്നാൽ, ഇൻക്വസ്റ്റിന് ശേഷം സ്വകാര്യ ആശുപത്രിയിൽ മൃതദേഹം കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ താൻ കണ്ടിട്ടേ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കാവൂ എന്ന് കുമാരിയുടെ സഹോദരൻ കൊലഞ്ചിവീരസ്വാമി ഫോണിലൂടെ പൊലീസിനോട് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ മോർച്ചറി സൗകര്യം ലഭിക്കാത്തതിനാൽ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ തന്നെ വയ്ക്കാൻ തീരുമാനിച്ചു. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ സഹോദരൻ മൃതദേഹം കണ്ട ശേഷമാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്ക് സ്വാഭാവിക താമസം മാത്രമാണുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

 സഹോദരിക്ക് നീതി ലഭിക്കണം
കുമാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ കടലൂർ സ്വദേശി കൊലഞ്ചിവീരസാമി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കുമാരി ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിൽ നിന്ന് 10,000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നെന്നും അത് ബാങ്കുവഴി തിരിച്ചുനൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഡിസംബർ അഞ്ചിന് ഭർത്താവായ ശ്രീനിവാസനെ ഇംതിയാസ് ഫോണിലൂടെ വിളിച്ച് കുമാരി അടുക്കള ജനൽ വഴി സാരി കെട്ടി താഴേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് ബോധരഹിതയായെന്ന് വിളിച്ചറിയിച്ചു. ഇതേ തുടർന്ന് ആശുപത്രിയിലെത്തിയ ബന്ധുക്കളെ കുമാരിയെ കാണാൻ അനുവദിച്ചില്ല. 12ന് കുമാരി മരിച്ച വിവരമാണ് അറിയുന്നത്. ഇംതിയാസ് അഹമ്മദിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സഹോദരിക്ക് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.

 ദേഹമാസകലം പരിക്കുകൾ
കുമാരിയുടെ ശരീരം മുഴുവൻ പരിക്കുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പരിക്കുകളുടെ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

 ദേഹപരിശോധന നടത്തിയില്ല

പരിക്കേറ്റ് ആരോരുമില്ലാത്ത ഒരു സ്ത്രീയെ ഗുരുതരാവസ്ഥയിൽ എത്തിച്ചപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലും മണിക്കൂറുകൾക്കകം മാറ്റിയ സ്വകാര്യ ആശുപത്രിയിലും ഇവരുടെ ദേഹപരിശോധന നടത്തിയില്ലെന്നാണ് വിവരം. ലൈംഗികഅതിക്രമമോ മറ്റ് പീഡനങ്ങളോ നടന്നിട്ടുണ്ടോ എന്നറിയാൻ ഇത്തരം പരിശോധന നിർബന്ധമായി നടത്തേണ്ടതുണ്ട്. ഇങ്ങിനെ ഒരു പരിശോധനയും നടന്നിട്ടില്ല. ഗുരുതരമായ വീഴ്ചയാണിത്.