ആലുവ: ആലുവ നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. ഗേൾസ് എച്ച്.എസ്.എസ് സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണുന്നതിനായി മേശകൾ സജ്ജീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പാലിക്കാൻ കർശന നിർദേശമുള്ളതിനാൽ സ്ഥാനാർത്ഥിക്കും ഒാരോ കൗണ്ടിംഗ് ഏജന്റിനും മാത്രമാണ് വോട്ടെണ്ണൽ നേരിട്ട് വീക്ഷിക്കുന്നതിന് അനുമതിയുള്ളത്.
ഇന്ന് ഉച്ചവരെ കൗണ്ടിംഗ് ഏജന്റിനുള്ള പാസ് വിതരണം ചെയ്യും. ഇതിനായി സ്ഥാനാർത്ഥിയുടെ ഒപ്പോടു കൂടിയ അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ സഹിതം റിട്ടേണിംഗ് ഓഫീസർക്ക് നൽകണം. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളും പിന്നീട് സ്‌പെഷ്യൽ ബാലറ്റുകളുമാണ് എണ്ണുന്നത്. പത്ത് മണിയോടെ പൂർണമായ ഫലം പുറത്തുവരും. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് വിവരങ്ങൾ അറിയിക്കുന്നതിനായി ഉച്ചഭാഷിണികളും സ്ഥാപിച്ചിട്ടുണ്ട്.