പള്ളുരുത്തി: തിരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഒരുമാസത്തെ ഓട്ടത്തിന്റെ ക്ഷീണം തീർക്കുകയാണ് സ്ഥാനാർത്ഥികളിൽ പലരും. തണുപ്പുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മുങ്ങി കുളിക്കാനുള്ള ഇടങ്ങൾ, ബന്ധുവീടുകളിലെ ഒത്ത് ചേരൽ എന്നവയ്ക്കായാണ് കഴി‌ഞ്ഞ ദിവസങ്ങൾ സ്ഥാനാർത്ഥികൾ സമയം നീക്കിവച്ചത്. ചിലർ ജോലിയിലേക്ക് മടങ്ങി. അതേസമയം വിജയം ഉറപ്പിച്ച സ്ഥാനാർത്ഥികൾ പോലും ഇതിനിടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. കൊച്ചിൻ കോർപ്പറേഷൻ നില നിർത്താനാകുമെന്ന് ഉറച്ച വിശ്വാസത്തിൽ തന്നെയാണ് യു.ഡി.എഫ്. തിരിച്ച് പിടിക്കാമെന്ന് കണക്ക് കൂട്ടലിലാണ് എൽ.ഡി.എഫ് കാമ്പ്. അതേസമയം എൻ.ഡി.എയും വി.ഫോർ കൊച്ചിയും അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്. യൂത്തിന്റെ വോട്ടിലായിരുന്നു ഇവരുടെ കണ്ണ്. വിമതശല്യം ആരെയെല്ലാം വീഴ്ത്തുമെന്ന് കാത്തിരുന്ന് കാണണം.