ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സായുധ ഗാർഡുകളുടെ സംരക്ഷണമാണുള്ളത്. റൂറൽ ജില്ലയിൽ 19 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. വോട്ടെണ്ണൽ നടപടികൾ കഴിയുന്നതുവരെ ഇവിടങ്ങൾ പൊലീസ് സുരക്ഷയിലായിരിക്കും.

വേട്ടെണ്ണൽ ദിനത്തിൽ കർശന പരിശോധനയ്ക്കു ശേഷമേ കേന്ദ്രത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. അകത്ത് പ്രവേശിക്കുന്നവർക്ക് പാസ് നിർബന്ധമാണ്. മൊബൈൽ ഫോൺ, ലാപ്, ഐ പാഡ് എന്നിവ അനുവദനീയമല്ല. ഒരുതരത്തിലുള്ള റെക്കോഡിംഗിനും അനുവാദമില്ല. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാൻ കഴിയാത്ത വസ്തുക്കൾ പ്രത്യേകസ്ഥലത്ത് സൂക്ഷിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 2000 പൊലീസുകാരുണ്ടാകും. പ്രത്യേക പട്രോളിംഗ് യൂണിറ്റുകളുമുണ്ട്. ഏതു സാഹചര്യവും നേരിടാൻ സ്ട്രൈക്കിംഗ് ഫോഴ്‌സും ഉണ്ടാകും . കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മാത്രമേ ആഹ്ലാദപ്രകടനങ്ങൾ നടത്താവൂ. ലംഘിച്ചാൽ നടപടിയെടുക്കും. പ്രകടനങ്ങൾ വീഡിയോയിൽ പകർത്തും. ആറുമണിക്കു ശേഷം നിയന്ത്രണം ഏർപ്പെടുത്തും. ആൾക്കൂട്ടവും കൂടിച്ചേരലുകളും അനുവദനീയമല്ലെന്നും എസ്.പി പറഞ്ഞു.