കൊച്ചി: പാട്ടും ആട്ടവും ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും ആരോഗ്യം നന്നാക്കാൻ ഇത്തിരി സ്ഥലം അനുവദിച്ച് നൽകണമെന്ന് ഇടപ്പള്ളിക്കാർ. നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായിരുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് കൊവിഡിനെ തുടർന്ന് കഴിഞ്ഞ മാർച്ച് പത്തു മുതൽ അടച്ചിട്ടതോടെ സമീപവാസികളുടെ ആരോഗ്യ, വിനോദ ജീവിതത്തിന്റെ താളം തെറ്റി. ഇടപ്പള്ളി, പാലാരിവട്ടം, എളമക്കര പ്രദേശക്കാർക്ക് നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. രാവിലെ അഞ്ചിന് പാർക്ക് തുറന്നാൽ നടപ്പുകാരുടെയും വ്യായാമക്കാരുടെയും പ്രവാഹമാണ്. . രാവിലെ മാത്രമല്ല വൈകിട്ടും ധാരാളം പേർ ഇവിടെ നടക്കാനെത്തും. പാർക്കിലെ നടപ്പുകാരുടെ കൂട്ടായ്മയിൽ 150 അംഗങ്ങളുണ്ട്.

കളിയരങ്ങ് ഒഴിഞ്ഞു

ഉച്ച കഴിഞ്ഞാൽ പ്രണയസല്ലാപക്കാരും ചങ്ങാതിക്കൂട്ടങ്ങളും സൊറ പറയാനെത്തും. കുട്ടികൾക്കായി പാർക്കും കളിക്കോപ്പുകളും. അന്തി മയങ്ങിയാൽ കലാപരിപാടികളുടെ ആരവമാകും. 2018 - 19 ൽ 368 പരിപാടികളാണ് ചങ്ങമ്പുഴ പാർക്കിൽ അരങ്ങേറിയത്. ചില ദിവസങ്ങളിൽ രണ്ടും മൂന്നും പരിപാടികൾ വരെ നടക്കാറുണ്ട്. സന്ധ്യമയങ്ങിയാൽ പ്രായവ്യത്യാസമില്ലാതെ പാർക്കിലെ രണ്ട് കൂടാരങ്ങളിൽ കാരംസ്, ചെസ് കളിക്കാരുടെ ആരവമാണ്.

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ കീഴിൽ സീനിയർ സിറ്റിസൺസ് ഫോറം, സംഗീതാസ്വാദക സദസ്, കഥകളി കൂട്ടായ്മ, നൃത്താസ്വാദക സദസ്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. കുട്ടികൾക്കായി ഞായറാഴ്ചകളിൽ അക്ഷരശ്ളോക സദസ്, നാടകപരിശീലനം എന്നിവ ഒരുക്കി. എന്നാൽ കൊവിഡിന്റെ വരവോടെ എല്ലാത്തിനും തിരശീല വീണു. പാർക്ക് അടഞ്ഞു.

നിവേദനവുമായി നടപ്പുകാർ

പ്രഭാതസവാരിക്കാർക്കായി രാവിലെ എട്ടു വരെ പാർക്ക് തുറന്നു നൽകണമെന്ന ആവശ്യവുമായി വാക്കേഴ്സ് ഗ്രൂപ്പ് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഭാരവാഹികൾക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകി. നടപ്പുകാരിൽ അധികംപേരും മുതിർന്ന പൗരൻമാരാണ്. കൊവിഡിനെ ഭയന്ന് കഴിഞ്ഞ പത്തു മാസമായി വീടിന് പുറത്തിറങ്ങാത്തവരും ഇക്കൂട്ടത്തിലുണ്ട്.

സാമൂഹ്യജീവിതത്തിൽ നിന്ന് അകന്നതോടെ ഒറ്റപ്പെടൽ, ഏകാന്തത, നിരാശ, മാനസിക സംഘർഷം തുടങ്ങി വിവിധ പ്രശ്നങ്ങൾ ഇവരെ അലട്ടുകയാണ് ഗതാഗത തിരക്കും അന്തരീക്ഷ മലിനീകരണവും മൂലം പൊതുവഴിയിലൂടെ നടപ്പ് സാദ്ധ്യമല്ല. ഈ സാഹചര്യത്തിലാണ് കായിക വ്യായാമങ്ങൾക്കായി മാത്രം രാവിലെ ഏതാനും മണിക്കൂർ പാർക്ക് തുറക്കണമെന്ന ആവശ്യം ഉയരുന്നത്.