ആലുവ: വൈകിട്ട് ആറിന് ശേഷം ആഹ്ളാദ പ്രകടനം അനുവദിക്കില്ലെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ആറ് മണിക്ക് മുമ്പ് നടത്തുന്ന ആഹ്ളാദ പ്രകടനങ്ങളിലും കൊവിഡ് നിയമം പാലിക്കണം.

ആലുവ യു.സി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണൽ നടക്കുമ്പോൾ പുറത്ത് ആൾക്കൂട്ടം അനുവദിക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. റൂറൽ ജില്ലയിൽ 19 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സുരക്ഷക്കായി 2000 പൊലീസിന്റെ സേവനമുണ്ടാകും. ജില്ലയിലെ പൊലീസിന് പുറമെ അഡീഷണൽ ഫോഴ്സുമുണ്ടാകും. പ്രശ്നബാധിത കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി ജി. വേണുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.