vs-sunilkumar
'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി ആലുവ പാലസിൽ നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു

ആലുവ: കേന്ദ്ര കൃഷി വകുപ്പിന്റെ സഹായത്തോടെ ഒന്നര കോടി രൂപ ചെലവിൽ 'സുഭിക്ഷം സുരക്ഷിതം പദ്ധതി' ഉടൻ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കൃഷി വകുപ്പിന് കീഴിലുള്ള ഫാമുകളുടെ സഹകരണത്തോടെ കാലാഹരണപ്പെട്ട വിത്ത്, കിഴങ്ങ്, പച്ചക്കറികളുടെ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ പത്തിൽ അധികം ഇനം കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിവകുപ്പ് റോയൽട്ടി നൽകുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് എല്ലായിടത്തും കൃഷിയിലേക്ക് കൂടുതൽ ആളുകൾ കടന്നുവന്നു. എല്ലാവരും കൃഷിക്കാർ ആകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആലുവ പാലസിൽ നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നിർവഹിക്കുകയായിരുന്നു. കൊവിഡ് കാലത്ത് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ആലുവ പാലസിലാണ് ഒന്നര മാസത്തോളം തങ്ങിയിരുന്നത്. ഈ ഘട്ടത്തിലാണ് പാലസിൽ വെറുതെ കിടന്ന സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കാൻ മന്ത്രി തീരുമാനിച്ചത്. പെരിയാറിന് മറുകരയിൽ കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമിലെ തൊഴിലാളികളുടെ സഹകരണം കൂടിയായപ്പോൾ പച്ചക്കറി കൃഷി ഗംഭീര വിജയി. പ്രതീക്ഷിച്ചതിലും അധികം വിളകളുണ്ടായെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഷെറി ജോൺ, ലിസി വടക്കൂട്ട് എന്നിവരും സംബന്ധിച്ചു.