
കൊച്ചി: അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും അവസാനിക്കുന്നു. ജില്ലയിലെ 1338 പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ 2045 തദ്ദേശസ്വയംഭരണ ഡിവിഷനുകളിലെ രാഷ്ട്രീയ ബലാബലം ഇന്ന് അറിയാം.
രാവിലെ 8 മുതൽ ആദ്യഫലം അറിവായി തുടങ്ങും. ഉച്ചയോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഒഴികെയുള്ള മുഴുവൻ തദ്ദേശ വാർഡ്/ ഡിവിഷനിലെയും പൂർണചിത്രം ലഭിക്കും. മുന്നണി രാഷ്ട്രീയത്തിലെ കക്ഷിമാറ്റങ്ങളും അഴിമതി വിവാദങ്ങളും വികസനവാദങ്ങളുമൊക്കെ തദ്ദേശ സ്വയംഭരണ കാര്യത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതിന്റെ വിധിയെഴുത്തുകൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം.
ഇടതു- വലതുമുന്നണികൾ ഏതാണ്ട് തുല്യശക്തികളായി നിൽക്കുന്ന ജില്ലയിൽ എൻ.ഡി.എയ്ക്കും വ്യക്തമായ അവകാശവാദങ്ങളുണ്ട്. 2015 ലെ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ ഇടതു- വലതു മുന്നണികൾ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് മേൽക്കോയ്മ നേടിയത്.
ആകെയുള്ള 1338 വാർഡുകളിൽ 628 ഇടത്ത് യു.ഡി.എഫും, 602 വാർഡിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. 49 വാർഡുകളിൽ ബി.ജെ.പി ക്കായിരുന്നു വിജയം.
ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ മേൽക്കോയ്മനേടുമെന്നാണ് മുന്നണികളുടെയെല്ലാം അവകാശവാദം. കേരളത്തിലെ ത്രിതലപഞ്ചായത്ത് ഭരണസമിതികളുടെ ചരിത്രത്തിൽ ആദ്യമായി 2015ൽ കിഴക്കമ്പലത്ത് രൂപംകൊണ്ട ജനകീയ കൂട്ടായ്മയായ ടീം ട്വന്റി- ട്വന്റി ഇത്തവണ 4 പഞ്ചായത്തുകളിലാണ് മാറ്റുരയ്ക്കുന്നത്. ഇതിൽ കിഴക്കമ്പലത്തിന് പുറമെ രണ്ട് പഞ്ചായത്തുകൾകൂടി കരസ്ഥമാക്കുമെന്നാണ് ട്വന്റി- ട്വന്റിയുടെ അവകാശവാദം. കേരളകോൺഗ്രസ് (എം), ജനതാദൾ കക്ഷികൾ യു.ഡി.എഫ് വിട്ടതിന് ശേഷമുള്ള പൊതുതിരഞ്ഞെടുപ്പ് താഴെത്തട്ടിലെ ജനമനസുകളിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന ചോദ്യത്തിനുള്ള ഉത്തരവും ഇന്ന് ലഭിക്കും.