 
മൂവാറ്റുപുഴ: മുടവൂർ പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധ സമരങ്ങൾ ശക്തമായതിനെ തുടർന്ന് സെമിത്തേരിയിൽ പ്രവേശനം ലഭിച്ചു. അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലയിലെ മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ആരാധനയ്ക്കെത്തിയ ഇടവക വിശ്വാസികളെ പള്ളിക്കു മുന്നിൽ പൊലീസ് സംഘം തടഞ്ഞു. തങ്ങളുടെ ഇടവക പളളികളിലും പൂർവികരെ അടക്കം ചെയ്ത സെമിത്തേരിയിലും പ്രാർത്ഥനക്കെത്തിയതായിരുന്നു വിശ്വാസികൾ. മുടവൂർ പള്ളി വിശ്വസികൾ ഞായറാച്ച രാവിലെ 10 മണിക്കാണ് പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിച്ചേർന്നത്. പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞതിനെ തുടർന്ന് വിശ്വസികൾ റോഡ് ഉപരോധിച്ചു സമരം തുടർന്നു. വിശ്വസികളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ അരമണിക്കൂറിനു ശേഷം ബാരിക്കേഡ് തുറന്നു കൊടുക്കുകയും വികാരി ഫാ. ബിജു വർക്കി കോരട്ടിയിലിന്റെ നേതൃത്വത്തിൽ സെമിത്തേരിയിൽ പ്രവേശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ട്രസ്റ്റിമാരായ കമാൻഡർ സി.വി ബിജു ചെരക്കുന്നത്ത്, കെ.എം സജി കൊല്ലമ്മാക്കുടിയിൽ, അഡ്വ. കെ.ഒ ഏലിയാസ്, അഡ്വ. പി.വി ഏലിയാസ്, ഭക്ത സംഘടനാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.