കൊച്ചി : എറണാകുളം എസ്.ആർ.വി സ്‌കൂളിന്റെ 175ാം വാർഷികവും ആഗോള സംഗമവും 20ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ 10ന് എസ്.ആർ.വി സ്‌കൂളിൽ പ്രൊഫ. എം.കെ.സാനു പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും.

20,21,22 തിയതികളിൽ വൈറ്റില സിൽവർ സാൻഡ് ഐലന്റിലുള്ള ആസാദി കോളേജിലെ കൂത്തമ്പലത്തിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.ഗ്ലോബൽ മീറ്റിൽ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. എം.പിമാരായ ഹൈബി ഈഡൻ, ബിനോയി വിശ്വം, ടി.ജെ.വിനോദ് എം.എൽ.എ, കളക്ടർ എസ്. സുഹാസ് എന്നിവർ പങ്കെടുക്കും.

21ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പൂർവ വിദ്യാർത്ഥിയും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗൻ എന്നിവർ സംബന്ധിക്കും.

22ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. നെതർലാന്റ് മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി ഉൾപ്പെടെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കും. ഗ്ലോബൽ മീറ്റ് 2020 ചെയർമാൻ ആർക്കിടെക് പ്രൊഫ.ബി.ആർ അജിത്ത്, വൈസ് ചെയർമാൻ ആബിദ് അബു, ഒ.എസ്.എ. പ്രസിഡന്റ് ഡോ.എ.കെ.സഭാപതി, സെക്രട്ടറി എം.പി.ശശിധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു