
കൊച്ചി : ഹൈക്കോടതിയിലെ ഐ.ടി ടീമിന്റെ നിയമനത്തിൽ ഏതെങ്കിലും ഭാഗത്തു നിന്നുള്ള ഇടപെടലുണ്ടായിട്ടില്ലെന്നും, ഇക്കാര്യത്തിൽ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിട്ടില്ലെന്നും ഹൈക്കോടതി ഭരണവിഭാഗം വ്യക്തമാക്കി. ഐ.ടി ടീമിന്റെ നിയമനത്തിൽ ഐ.ടി സെക്രട്ടറിയായിരിക്കെ എം. ശിവശങ്കർ ഇടപെട്ടെന്ന വാർത്ത നിഷേധിച്ചാണ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസിന്റെ വാർത്താക്കുറിപ്പ്.
സ്വർണക്കടത്തു കേസിൽ പ്രതിയായ ശിവശങ്കർ നിയമനങ്ങളിൽ ഇടപെട്ടെന്ന ആരോപണം നിഷേധിച്ച രജിസ്ട്രാർ ജനറൽ, നിയമനത്തിനായി സ്വീകരിച്ച നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി ജഡ്‌ജി അദ്ധ്യക്ഷനായ ഇന്റർവ്യൂ ബോർഡാണ് നിയമനം നടത്തിയത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായിട്ടില്ല. എൻ.ഐ. സിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും ശരിയല്ല. ഇതിന് എൻ.ഐ.സിക്ക് കഴിവില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. സർക്കാർ അനുമതിയോടെ ഹൈക്കോടതി നിയമിച്ച ഐ.ടി ടീം എൻ.ഐ.സിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും രജിസ്ട്രാർ ജനറൽ വിശദീകരിച്ചു.
ഐ.ടി ടീമിന്റെ നിയമനത്തിന് മൂന്നു ജഡ്ജിമാർ ഉൾപ്പെട്ട സബ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഇന്റർവ്യൂ ബോർഡിലേക്ക് സാങ്കേതിക വിദഗ്ദ്ധരുടെ പാനൽ നൽകാൻ സബ് കമ്മിറ്റി ഐ.ടി. വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഏഴു പേരുടെ പട്ടികയാണ് ഐ.ടി സെക്രട്ടറി നൽകിയത്. ഇതിൽ നിന്ന് സർക്കാർ ഐ.ടി പാർക്കുകളുടെ സി.ഇ.ഒയെയും ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഒാപ്പൺ സോഴ്സ് സോഫ്ട്‌വെയർ ഡയറക്ടറെയും തിരഞ്ഞെടുത്തത് സബ് കമ്മിറ്റിയാണ്. നിയമനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ 2019 മാർച്ച് 14 നു ചേർന്ന യോഗത്തിൽ അഞ്ചംഗ ജഡ്ജിമാരുൾപ്പെട്ട കമ്പ്യൂട്ടറൈസേഷൻ കമ്മിറ്റിയും ഇന്റർവ്യൂ പാനലിലെ അംഗങ്ങളും ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും എൻ.ഐ.സി യുടെ പ്രതിനിധിയും പങ്കെടുത്തിരുന്നു. ഒരു ജഡ്ജിക്കു പുറമേ ഇവരാണ് ബോർഡിലുണ്ടായിരുന്നതെന്നും വിശദീകരണത്തിൽ പറയുന്നു.