നെഞ്ചിടിപ്പോടെ മുന്നണികൾ

ആലുവ: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിനൊടുവിൽ ഇന്ന് വോട്ടുപെട്ടി തുറക്കാനിരിക്കെ മുന്നണി നേതാക്കൾക്ക് നെഞ്ചിടിപ്പിലാണ്. ആലുവ ആരു ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് നഗരവാസികൾ. ഇരുമുന്നണികളും ഭരണം പിടിക്കുമെന്ന് പുറമെ അവകാശപ്പെടുന്നുണ്ടെങ്കിലും വാക്കുകൾക്ക് അത്ര ബലമില്ലെന്നതാണ് നാട്ടുകാർ പറയുന്നത്.

ശതാബ്ദി നിറവിലെത്തിയ ആലുവ നഗരസഭ എക്കാലവും കോൺഗ്രസിന്റെ കുത്തകയായിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിക്കുന്ന നഗരസഭയാണിത്. 2010ൽ 26ൽ 21 സീറ്റ് നേടിയ കോൺഗ്രസിന് 2015ൽ 14 സീറ്റാണ് ലഭിച്ചത്. ഇക്കുറി രണ്ടക്കം തികക്കില്ലെന്ന് ഇടതുപക്ഷം ആണയിടുന്നതാണ് കോൺഗ്രസ് നേതൃത്വത്തിൽ ആശങ്കപരത്തുന്നത്. 2,8,9,10,11,16,18,20 വാർഡുകളിൽ കോൺഗ്രസിന് കാര്യമായ വോട്ട് ചോർച്ച ഉണ്ടാകാനിടയുണ്ട്. ഈ വിടവിലൂടെ ഭരണം പിടിക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്. രണ്ട് തവണയായി ആകെ 7.5 വർഷമാണ് സി.പി.എം നേതൃത്വത്തിൽ ഇടതുപക്ഷം നഗരസഭ ഭരിച്ചത്. ഇടതുപിന്തുണയോടെ കോൺഗ്രസ് വിമതന്മാരും കുറച്ചുനാൾ ഭരിച്ചു. രാഷ്ട്രീയടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ബാക്കി കാലയളവെല്ലാം കോൺഗ്രസിനായിരുന്നു ഭരണം.

2005ൽ അഡ്വ. സ്മിത ഗോപിയുടെ നേതൃത്വത്തിലാണ് ഇടതുപക്ഷം അഞ്ച് വർഷം നഗരസഭ ഭരിച്ചത്. വർഷങ്ങൾക്ക് മുമ്പ് 2.5 വർഷം സി.പി.എം നേതാവായിരുന്ന പി.ഡി. പത്മനാഭൻ നായരും ചെയർമാനായിട്ടുണ്ട്.

ഇക്കുറി നഗരസഭയിലെ 17,560 വോട്ടർമാരിൽ 13,185 പേർ വോട്ട് രേഖപ്പെടുത്തി. 2015ൽ ആകെ പോൾ ചെയ്തത് 13,006 വോട്ടാണ്. യു.ഡി.എഫ് 5624 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 4820 വോട്ട് നേടി. വ്യത്യാസം കേവലം 804 വോട്ട് മാത്രം. 15 വാർഡിൽ മത്സരിച്ച ബി.ജെ.പിക്ക് 1493 വോട്ട് നേടി. 14 സീറ്റാണ് കോൺഗ്രസ് നേടിയത്. ഒമ്പത് സീറ്റ് എൽ.ഡി.എഫും ഒന്നിൽ ബി.ജെ.പിയും ജയിച്ചു. രണ്ട് സീറ്റിൽ കോൺഗ്രസ് റിബലിനായിരുന്നു. മൂന്നുപേർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനും ഒരാൾ ജയിച്ചപ്പോൾ പത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ചവർ ഏഴാണ്. രണ്ട് വാർഡിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തും രണ്ടിടത്ത് നാലാം സ്ഥാനത്തുമായി. ബി.ജെ.പി രണ്ട് വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി.