കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ വിവരങ്ങളും ലീഡ് നിലയും അപ്പപ്പോൾ അറിയിക്കാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വിപലുമായ ക്രമീകരണങ്ങൾ ഒരുക്കി. വോട്ടെണ്ണൽ വിവരങ്ങളും വാർത്തകളും ചിത്രങ്ങളും വീഡിയോകളും തൽസമയം മാധ്യമങ്ങൾക്ക് നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന മീഡിയ റൂമിൽ ബിഗ് സ്‌ക്രീനിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രൻഡ് വഴി വിവരങ്ങൾ തൽസമയം മാദ്ധ്യമപ്രവർത്തകർക്ക് നൽകും. ഇവിടെ നിന്ന് നേരിട്ട് വിവിധ കേന്ദ്രങ്ങളിലേക്ക് വാർത്തകൾ നൽകാനുള്ള സംവിധാനങ്ങളും ഇന്റർനെറ്റ് വൈഫൈ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കായി സോഷ്യൽ മീഡിയ വഴിയുള്ള അപ്‌ഡേറ്റ്, ലൈവ് ന്യൂസ് ബുള്ളറ്റിനുകൾ, വോട്ടെണ്ണൽ പുരോഗതി, വിശകലനങ്ങൾ, വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഗ്രാഫിക് അവതരണങ്ങൾ എന്നിവയും ഉണ്ടാകും. ജില്ല ഇൻഫർമേഷൻ ഓഫീസർ, എറണാകുളം എന്ന് ഫേസ് ബുക്ക് പേജ്, പി.ആർ.ഡി എറണാകുളം എന്ന യൂടൂബ് ചാനൽ, ഡി.ഐ.ഒ എറണാകുളം എന്ന ഇൻസ്റ്റഗ്രാം പേജ് എന്നിവയിലൂടെ ജില്ലയിലെ വിവധ സ്ഥലങ്ങളിൽ നിന്നുള്ള വോട്ടെണ്ണൽ വാർത്തകളും ചിത്രങ്ങളും ദൃശ്യങ്ങളും തത്സമയം ലഭ്യമാകും.