
കൊച്ചി: വാശിയേറി മത്സരം നടന്ന കൊച്ചി നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. 74 ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകളിൽ നിന്നുള്ള യന്ത്രങ്ങൾ മൂന്നു റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇന്ന് എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണലിനായി 14 ടേബിളുകളുണ്ട്. രാവിലെ ആറു മണി മുതൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും.
ജീവനക്കാർക്കും സ്ഥാനാർത്ഥികൾക്കും വോട്ടിംഗ് ഏജന്റുമാർക്കും മാത്രമാണ് ഹാളിൽ അനുമതി. കൊവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ ജീവനക്കാരുടെയും പോളിംഗ് ഏജന്റുമാരുടെയും എണ്ണത്തിൽ കുറവുണ്ട്. സ്ഥാനാർത്ഥിയ്‌ക്കോ ഒരു ഏജന്റിനോ മാത്രമേ വോട്ടെണ്ണൽ സമയത്ത് ഹാളിൽ പ്രവേശനമുള്ളൂ. അതത് സമയങ്ങളിലെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ ഓൺലൈനായി നൽകും. ഒരോ റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലും 70 ജീവനക്കാർ വീതമാണ് വോട്ടെണ്ണൽ ഡ്യൂട്ടിയ്ക്കുള്ളത്.
100 പൊലിസുകരാരെ വിന്യസിക്കും
വോട്ടെണ്ണൽ കേന്ദ്രത്തിലും സമീപ പ്രദേശങ്ങളിലുമായി 100 പൊലീസുകാരെ വിന്യസിക്കും. മഫ്ത്തിയിൽ ഉൾപ്പെടെ പൊലീസുകാരുണ്ടാവും. രാവിലെ അഞ്ചു മണി മുതൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും. നിലവിൽ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴികളിലും ആൾക്കൂട്ടം നിയന്ത്രണ വിദേയമാക്കും. കൊവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ റോഡുകളിൽ കൂട്ടം കൂടിയുള്ള വിജയാഘോഷങ്ങളൊന്നും പാടില്ല. സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കുമൊപ്പമുള്ളവർ പുറത്ത് കൂട്ടം കൂടി നിൽക്കുന്നത് തടയും. പോളിംഗ് സാധനങ്ങൾ നീക്കം ചെയ്യുന്നതു വരെ സുരക്ഷ കർശനമായി തുടരും.
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി
അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ സുരക്ഷിതമായി പൂർത്തിയാക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ആരംഭിച്ച് വോട്ടിംഗ് സാമഗ്രികൾ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് കൊണ്ടു പോവുന്നതു വരെ പൊലീസ് സുരക്ഷ ഉണ്ടാവും. ഇന്ന് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം കോളേജിന് സമീപത്തെ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുവാൻ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടക്കുന്ന പ്രദേശങ്ങൾ പരിശോധന നടത്തിയിരുന്നു.