sabarimala

കൊച്ചി : ശബരിമലയിൽ പ്രതിദിനം കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞു തുടങ്ങി. ഇന്നു പൂർത്തിയായേക്കും. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിനങ്ങളിൽ 2000 ഭക്തരെയും ശനി, ഞായർ ദിനങ്ങളിൽ 3000 ഭക്തരെയുമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്.

ഇതു വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി കെ.പി. സുനിൽ, ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് ഫ്രണ്ട്, കോൺഗ്രസ് നേതാവായ അജയ് തറയിൽ, അയ്യപ്പസേവാ സമാജം തുടങ്ങിയവർ നൽകിയ ഹർജികളാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

തിരുപ്പതി ക്ഷേത്രത്തിൽ പ്രതിദിനം 20,000 മുതൽ 30,000 ഭക്തർക്ക് പ്രവേശനം നൽകുന്നുണ്ടെന്നും ശബരിമലയിൽ പ്രതിദിനം 20,000 ഭക്തർക്ക് പ്രവേശനം നൽകണമെന്നുമാണ് ഹർജിക്കാരുടെ വാദം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശബരിമലയിൽ പ്രവേശനം നൽകുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധന വരുത്തേണ്ട എന്നാണ് തീരുമാനിച്ചത്. ഇക്കാര്യങ്ങളും ഇന്നലെ ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നു.