കോലഞ്ചേരി: നവ മാദ്ധ്യമ തട്ടിപ്പിൽ ഫെയ്‌സ്ബുക്കിനു പിന്നാലെ വാട്‌സാപ്പ് സന്ദേശത്തിലൂടെയും പണംതട്ടാൻ ശ്രമം നടക്കുന്നതിൽ മുൻകുരുതൽ വേണമെന്ന് പൊലീസ്. പണം ചോദിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശം അയയ്ക്കുന്ന തട്ടിപ്പായിരുന്നു ആദ്യം. ഇപ്പോൾ വാട്‌സാപ്പിൽ സന്ദേശം അയച്ചാണ് പണം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മേഖലയിലെ സ്വകാര്യ പണമിടപാടുസ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾക്ക് ലഭിച്ച സന്ദേശം ഇതായിരുന്നു. 'നിങ്ങളുടെ സുഹൃത്ത് ഞങ്ങളിൽനിന്ന് പണം വായ്പയെടുത്തു. കുടിശ്ശിക കുറെയായി. ജാമ്യക്കാരനായ താങ്കളിൽനിന്ന് പണം ഈടാക്കുന്നതിനായി ഉദ്യോഗസ്ഥർ വീട്ടിലെത്തും. ഫോൺ വിളികളോടും ഇ മെയിലിനോടും പ്രതികരിക്കുന്നില്ല. അതുകൊണ്ട് പൊലീസിൽ കേസ് നൽകും'. തിരികെ വിളിക്കാനായി രണ്ടു ഫോൺനമ്പരുകളും ഉൾപ്പെടുത്തിയിരുന്നു. തിരികെ വിളിച്ചപ്പോൾ ഫോണെടുത്തയാൾ ഹിന്ദിയിലാണു സംസാരിച്ചത്. ഇത്തരം മെസേജുകൾക്ക് തിരിച്ച് വിളിച്ചാൽ ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്നാണ് പൊലീസ് പറയുന്നത്.

വിവിധ അനധികൃത ലിങ്കുകൾ വഴി കോൾ ചെയ്യുന്ന സമയം ഫോൺ അവരുടെ നിയന്ത്രണത്തിലാക്കി വിവരങ്ങൾ ചോർത്താനും ഭാവിയിൽ തട്ടിപ്പുകൾക്കും സാദ്ധ്യതയുണ്ട്. കോലഞ്ചേരി സ്വദേശിയായ മ​റ്റൊരു യുവാവിനും സമാനമായ അനുഭവമുണ്ടായി. ഇത്തരത്തിൽ പലർക്കും സന്ദേശങ്ങൾ ലഭിച്ചതായി പറയുന്നു. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇത്തരം മെസേജുകളോടു പ്രതികരിക്കരുതെന്ന് പൊലീസ് ജാഗ്രതാ നിർദേശം നൽകി.

അനാവശ്യം സൈ​റ്റുകളിൽ കയറരുത്

ഓൺലൈൻ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ അനാവശ്യ സൈ​റ്റുകളിൽ കയറി ഫോൺനമ്പർ രജിസ്​റ്റർ ചെയ്യരുതെന്ന് പൊലീസ് സൈബർ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പുകാർ സൈ​റ്റ് വ്യാജമായി നിർമിച്ച് ഫോൺനമ്പരും മ​റ്റു സ്വകാര്യ വിവരങ്ങളും ശേഖരിക്കും. ഇതു പിന്നീട് തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഫോണിലെ മറ്റു വിവരങ്ങൾ ചോർത്താനും ഇത്തരം തട്ടിപ്പുസൈ​റ്റുകൾ ഉപയോഗിച്ചേക്കുമെന്നും പൊലീസ് പറയുന്നു.