മൂവാറ്റുപുഴ: കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖാപിച്ച് പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റി നേതൃത്വത്തിൽ സാംസ്കാരിക സംഗമം നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന സാംസ്കാരിക സംഗമം മൂവാറ്റുപുഴ ഫിലിം സൊസൈറ്റി രക്ഷാധികാരി യു.ആർ. ബാബു ഉദ്ഘാടനം ചെയ്തു. സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം എൻ.വി.പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നാടൻ പാട്ട് കലാകാരൻ കുമാർ കെ.മുടവൂർ നാടൻ പാട്ടിലൂടെ കർഷക സമരത്തിന് പിന്തുണ അർപ്പിച്ചു. മൂവാറ്റുപുഴ മേഖല വൈസ് പ്രസിഡന്റ് എം.എൻ.അരവിന്ദാക്ഷൻ , കോതമംഗലം മേഖല സെക്രട്ടറി എൻ.ആർ.രാജേഷ് , കോലഞ്ചേരി മേഖല സെക്രട്ടറി ഐസക്ക് നെല്ലാട്, കെ.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.