
കൊച്ചി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. നാലാം തവണയാണ് ഇ.ഡി നോട്ടീസ് നൽകുന്നത്.
ആരോഗ്യ കാരണങ്ങളാൽ തന്നെ നിശ്ചിത സമയത്തിലധികം ചോദ്യം ചെയ്യരുതെന്ന് ഇ.ഡിക്ക് നിർദ്ദേശം നൽകണമെന്നും ചോദ്യം ചെയ്യൽ വേളയിൽ തന്റെ അഭിഭാഷകനെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡിയുടെ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം. ഹർജി ഇന്നു പരിഗണിച്ചേക്കും.നേരത്തേ മൂന്നു തവണ നോട്ടീസ് നൽകിയപ്പോഴും ആരോഗ്യകാരണങ്ങൾ പറഞ്ഞ് രവീന്ദ്രൻ ഒഴിഞ്ഞുമാറുകയായിരുന്നു. നവംബർ ആറിന് ആദ്യ നോട്ടീസിനു തലേന്ന് രവീന്ദ്രൻ കൊവിഡിന് ചികിത്സതേടി ആശുപത്രിയിൽ അഡ്മിറ്റായി. രോഗമുക്തി നേടിയപ്പോൾ രണ്ടാം നോട്ടീസ് നൽകിയെങ്കിലും ശ്വാസതടസ്സം പറഞ്ഞ് ഒഴിഞ്ഞു. തുടർന്ന്, കഴിഞ്ഞ 10 ന് ഹാജരാകൻ നോട്ടീസ് നൽകിയെങ്കിലും കൊവിഡാനന്തര അസ്വസ്ഥതകൾക്ക് മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച് ചോദ്യംചെയ്യലിനു ഹാജരാകൻ രവീന്ദ്രൻ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. എന്നാൽ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതിയിൽ ഇ.ഡി വിശദപരിശോധനയ്ക്ക് ഒരുങ്ങുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയി.
ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നതിനാൽ, അതുകഴിഞ്ഞേ ചോദ്യം ചെയ്യലുണ്ടാകൂ എന്നു കരുതിയിരിക്കുമ്പോഴാണ് നാളെ ഹാജരാകാൻ ഇ.ഡി 12 ന് നോട്ടീസ് നൽകിയത്. ഇ.ഡി നോട്ടീസ് നൽകിയതിനാൽ മുൻകൂർ ജാമ്യ ഹർജി ഫലപ്രദമല്ലെന്ന കണക്കു കൂട്ടലിലാണ് രവീന്ദ്രൻ ദീർഘനേരം ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ ഹർജി നൽകിയത്. നേരത്തെ ശിവശങ്കറിന്റെ സമാനമായ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ വാദങ്ങൾ
ഇ.ഡി അന്വേഷിക്കുന്ന ഒരു കേസിലും പ്രതിയല്ല. ഏതു കേസിലാണ് ഹാജരാകാൻ നിർദ്ദേശിക്കുന്നതെന്ന് സമൺസിൽ പറയുന്നില്ല. കൊവിഡ് കാരണം ആരോഗ്യവാനല്ല. അത് കണക്കിലെടുക്കാതെ ഹാജരാകാൻ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകുന്നു. ചോദ്യം ചെയ്യാൻ വിളിക്കുന്നത് ഏതു കേസിലാണെന്ന് അറിയാൻ അവകാശമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതു പോലെ ദീർഘനേരം ചോദ്യം ചെയ്യാൻ കഴിയില്ല. അസുഖമുള്ളതിനാൽ ദീർഘനേരം ചോദ്യം ചെയ്യൽ നേരിടാനാവില്ല. ചോദ്യം ചെയ്യലിനായി നിശ്ചിത സമയത്തിൽ കൂടുതൽ തടഞ്ഞുവയ്ക്കരുത്.
ഇ.ഡിയുടെ നോട്ടീസുകൾ
നവംബർ നാല്, 20, ഡിസംബർ മൂന്ന് തീയതികളിൽ ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകി. കൊവിഡും അനുബന്ധ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഹാജരാകാനാവില്ലെന്ന് ഒാരോ തവണയും മറുപടി നൽകി. ഒടുവിലാണ് ഡിസം.12ന് വീണ്ടും നോട്ടീസ്.
രവീന്ദ്രനിലേക്ക്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരുടെ മൊഴികളെ അടിസ്ഥാനമാക്കി കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള അന്വേഷണമാണ് രവീന്ദ്രന്റെ ചോദ്യംചെയ്യലിലേക്ക് എത്തിയത്. രവീന്ദ്രന് നിക്ഷേപമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സ്വത്തു വിവരങ്ങൾ സംബന്ധിച്ച് രജിസ്ട്രേഷൻ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 80 ലക്ഷത്തിലധികം രൂപയുടെ മണ്ണുമാന്തി യന്ത്രം 2018 മുതൽ സൊസൈറ്റിക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
രവീന്ദ്രന്റെയും കുടുംബത്തിന്റെയും ഇ.ഡി ആവശ്യപ്പെട്ട കാര്യങ്ങൾ
 ബാങ്ക് അക്കൗണ്ടുകൾ  അഞ്ചു വർഷത്തെ ഇൻകംടാക്സ് റിട്ടേണിന്റെ പകർപ്പുകൾ  സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ  2015 ജനുവരി ഒന്നു മുതലുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്  വിദേശയാത്രകളും അതിന് ചെലവായ പണത്തിന്റെ ഉറവിടവും  നേരിട്ടോ അല്ലാതെയോ ഉള്ള സ്ഥാപനങ്ങളും തൊഴിലും  ഡിൻ നമ്പർ (കമ്പനി ഡയറക്ടമാർക്കുള്ള ഐഡന്റിഫിക്കേഷൻ നമ്പർ)  സ്വന്തമോ നിയന്ത്രണമുള്ളതോ ആയ കമ്പനികളുടെ ബാലൻസ് ഷീറ്റ്  പാസ്പോർട്ടിന്റെ പകർപ്പും രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകളും