
കൊച്ചി: മറൈൻഡ്രൈവിലെ ലിങ്ക് ഹാെറൈസൺ ഫ്ളാറ്റിൽ നിന്ന് സേലം സ്വദേശിനി കുമാരി ദുരൂഹസാഹചര്യത്തിൽ വീണ് മരിച്ച സംഭവത്തിൽ ഫ്ളാറ്റ് കെയർടേക്കറെയും അസോസിയേഷൻ ഭാരവാഹികളെയും പൊലീസ് ചോദ്യം ചെയ്യണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ശിവസേന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുമാരി വീട്ടുജോലി ചെയ്ത ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ് വലിയ സ്വാധീന ശേഷയുള്ളയാളും മുൻഹൈക്കോടതി ജഡ്ജിയുടെ മകനുമാണ്. പാവപ്പെട്ട ദരിദ്രകുടുംബത്തിലെ അംഗമായ കുമാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകർ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണ്. പൊലീസ് കള്ളക്കളി അവസാനിപ്പിക്കണമെന്നും ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ആവശ്യപ്പെട്ടു. കുമാരിയുടെ അന്ധനായ ഭർത്താവ് ശ്രീനിവാസന് പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ചിലർ വെള്ളപ്പേപ്പറിൽ വിരലടയാളം പതിപ്പിച്ച് കൊണ്ടുപോയത് ഇതിന് തെളിവാണ്. ശ്രീനിവാസന്റെ പരാതിയിലും പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വൈ.കുഞ്ഞുമോൻ, സുരേഷ് കടുപ്പത്ത്, ശിവൻ കഴുപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.